Image: facebook.com/josek.mani
ഇടതുപക്ഷത്ത് തന്നെയെന്ന് ആവര്‍ത്തിച്ചെങ്കിലും സസ്പെന്‍സ് നിലനിര്‍ത്തി ജോസ് കെ.മാണി. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെയാണ് ഭരണമെന്ന് ജോസ് പറഞ്ഞു. പാര്‍ട്ടിക്കകത്ത് പല അഭിപ്രായങ്ങളുണ്ടെന്ന് സമ്മതിച്ച ജോസ്, തീരുമാനമെടുത്താല്‍ എല്ലാവരും ഒറ്റക്കെട്ടെന്നും പറഞ്ഞുവച്ചു. എല്‍ഡിഎഫ് മധ്യമേഖലാ ജാഥാ ക്യാപ്റ്റന്‍ താന്‍ തന്നെ. എന്നാല്‍ പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനാല്‍ ചില നീക്കുപോക്കുകള്‍ വേണ്ടിവരുമെന്നും ജോസ് പറഞ്ഞു.
ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് യുഡിഎഫിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ രാവിലെ ജോസ് ദുബായില്‍ നിന്നും കേരളത്തിലെത്തി. ഉയരുന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും താല്ക്കാലിക വിരാമമിടാണ് ജോസ് കെ.മാണി മുന്നണി മാറ്റമെന്ന ചര്‍ച്ചകള്‍ തള്ളിയത് .
കേരള കോണ്‍ഗ്രസിന് ശക്തിയുള്ളതുകൊണ്ടാണ് ഞങ്ങള്‍ വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത് പറഞ്ഞ് ജോസ് കെ മാണി സ്വയം ശക്തി പ്രഖ്യപിച്ചു. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ അധികാരമുണ്ടാകും എന്ന ജോസിന്‍റെ വാക്കുകള്‍ എല്ലാ സാധ്യതകളും തുറന്നിടുന്നതാണ്.
ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഞങ്ങളെ ഓര്‍ത്ത് ആരും കരയേണ്ട എന്ന് പറഞ്ഞെങ്കിലും യുഡിഎഫിനെ കടന്നാക്രമിക്കാന്‍ ജോസ് കെ.മാണി തയ്യാറായിട്ടില്ല. മുന്നണി മാറ്റത്തില്‍ എംഎല്‍എമാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാം എന്ന് പറഞ്ഞ് ജോസ് സ്ഥിരീകരിച്ചു.
കേരള കോണ്‍ഗ്രസ് മുന്നണി വിടുമെന്ന് പ്രചാരണം ശക്തമായതോടെ അവിടെ ഉറപ്പിച്ച് നിര്‍ത്താന്‍ പാര്‍ട്ടി നിയോഗിച്ച വി.എന്‍ വാസവന്‍ രാവിലെ ഫോണില്‍ ജോസ് കെ മാണിയുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ നിലപാട് പരസ്യമായി ജോസ് തീരുമാനിച്ചതും . എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വെള്ളിയാഴ്ച നടക്കുന്ന പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം വരെ സസ്പെന്‍സ് തുടരും.