കണ്ണൂരില്‍ നിന്നുള്ള ഭൂരിഭാഗം എംഎല്‍എമാര്‍ ഇത്തവണയും അതേ സീറ്റില്‍ നിന്ന് തന്നെ നിയമസഭയിലേക്ക് മല്‍സരിച്ചേക്കും. തളിപ്പറമ്പും, മട്ടന്നൂരും മാത്രമാകും സര്‍പ്രൈസ് സ്ഥാനാര്‍ഥികളെത്താന്‍ സാധ്യത. അതേസമയം, ധര്‍മ്മടത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ജനവിധി തേടുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
കണ്ണൂരിലുള്ളത് 11 നിയമസഭാ മണ്ഡലങ്ങള്‍, അതില്‍ ഒമ്പതിടത്തും എല്‍ഡിഎഫ് എംഎല്‍എമാര്‍. യുഡിഎഫിന്‍റേത് പേരാവൂരും ഇരിക്കൂരും മാത്രം. രണ്ട് ടേം വ്യവസ്ഥയുള്ള സിപിഎമ്മില്‍, ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ എംഎല്‍എമാര്‍ പയ്യന്നൂരിലെ ടിഐ മധുസൂധനും, കല്ല്യാശേരിയിലെ എം.വിജിനും അഴീക്കോട്ടെ കെ.വി.സുമേഷും തലശേരിയിലെ എ.എന്‍.ഷംസീറും. സ്പീക്കറായ ഷംസീറിന് ഇളവ് ലഭിക്കാന്‍ സാധ്യത കൂടുതല്‍.
മുഖ്യമന്ത്രി തന്നെയാണ് ഇത്തവണയും എല്‍ഡിഎഫിനെ നയിക്കുകയെന്ന് പാര്‍ട്ടി സെക്രട്ടറി തന്നെ പറയുന്നുണ്ടെങ്കിലും മല്‍സരിക്കുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. ഇത് പിണറായി വിജയന്‍ മല്‍സരത്തില്‍ നിന്ന് മാറി നിന്ന് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കാന്‍ മാത്രമാണുണ്ടാവുകയെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മട്ടന്നൂരിലെ കെ.കെ ശൈലജയ്ക്ക് മൂന്ന് ടേം വ്യവസ്ഥ തിരിച്ചടിയാണ്. എം.വി ഗോവിന്ദന്‍ തളിപ്പറമ്പില്‍ മല്‍സരിക്കില്ല.
ഘടകകക്ഷികളുടെ കൈവശമുള്ള കണ്ണൂര്‍, കൂത്തുപറമ്പ് സീറ്റുകളില്‍ നിലവിലെ എംഎല്‍എമാരായ കടന്നപ്പള്ളി രാമചന്ദ്രനും, കെ.പി മോഹനനും തന്നെ മല്‍സരിക്കാനാണ് സാധ്യത കൂടുതല്‍. കൂത്തുപറമ്പ് സീറ്റ് ആര്‍ജെഡിയില്‍ നിന്ന് സിപിഎമ്മിന് ലഭിക്കണമെന്ന വികാരം ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ട്. കടന്നപ്പള്ളി രാമചന്ദ്രന്‍ മല്‍സരിച്ചില്ലെങ്കില്‍ കണ്ണൂര്‍ സീറ്റ് കോണ്‍ഗ്രസ് എസ്സിനും നഷ്ടമാകും. അതേസമയം, പേരാവൂരിലും ഇരിക്കൂരിലും കോണ്‍ഗ്രസ് എംഎല്‍എമാരായ സണ്ണി ജോസഫും, സജീവ് ജോസഫും തന്നെയാകും പോരിനിറങ്ങുക.