പിറവത്തിന് പുറമേ കൂടുതല്‍ നിയമസഭാ സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടാന്‍ കേരള കോണ്‍ഗ്രസ് ജേക്കബ്. കുട്ടനാടും ഉടുംമ്പന്‍ചോലയുമാണ് ജേക്കബ് വിഭാഗം കണ്ണുവയ്ക്കുന്നത്. ഒരു സീറ്റെങ്കിലും അധികമായി വേണമെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെടും. പാര്‍ട്ടിയുടെ താല്‍പര്യം യുഡിഎഫ് നേതൃത്വത്തെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് അനൂപ് ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞു.
പിറവം സീറ്റില്‍ മാറ്റമില്ല. അനൂപ് ജേക്കബ് തന്നെ വീണ്ടും ഇറങ്ങും. പിറവത്തിനപ്പുറം കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കാനാണ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ നീക്കം. കുട്ടനാട്, ഉടുംമ്പന്‍ചോല സീറ്റുകള്‍ യുഡിഎഫിനോട് ആവശ്യപ്പെടും. കോതമംഗലം സീറ്റിലും താല്‍പര്യമുണ്ട്. തലവടി പഞ്ചായത്ത് പ്രസിഡന്‍റ് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നാണെന്നത് കുട്ടനാട് സീറ്റിനായുള്ള ആവശ്യത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു. ഉടുംമ്പന്‍ചോലയില്‍ നേരത്തെ മല്‍സരിച്ചിട്ടുണ്ടെന്നതും പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് നേതൃത്വത്തോട് പാര്‍ട്ടിയുടെ താല്‍പര്യം അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് അനൂപ് ജേക്കബ്.
1996ല്‍ കടുത്തുരുത്തി, ഉടുമ്പന്‍ചോല, പിറവം, മൂവാറ്റുപുഴ സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് മല്‍സരിച്ചിരുന്നു. 2011ല്‍ പിറവവും അങ്കമാലിയും പാലക്കാട്ടെ തരൂരുമാണ് ലഭിച്ചത്. 2016ല്‍ തരൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തതോടെ ജേക്കബ് വിഭാഗം പിറവത്ത് മാത്രമായി ഒതുങ്ങി. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റുകള്‍ ചോദിക്കണ്ട എന്നാണ് ജേക്കബ് വിഭാഗത്തിന്‍റെ തീരുമാനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മല്‍സരിക്കാന്‍ ഒരുങ്ങുന്ന സീറ്റുകളിലാണ് ജേക്കബ് വിഭാഗം കണ്ണുവയ്ക്കുന്നത് എന്നതാണ് പ്രധാനം.