ജമാഅത്തെ ഇസ്‍ലാമിക്കെതിരെ വിവാദപ്രസ്താവന നടത്തിയ മുന്‍മന്ത്രി എ.കെ.ബാലനെ തള്ളിപ്പറയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ . വര്‍ഗീയത തുറന്നുകാട്ടുമ്പോള്‍ മതത്തിനെതിരെന്ന് പറയുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പറഞ്ഞാല്‍ മുസ്‌ലിമിനെതിരെ അല്ല. അങ്ങനെ വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നു. ആര്‍എസ്എസിനെതിരെ പറഞ്ഞാല്‍ ഹിന്ദുവിനെതിരെന്ന് വരുത്തുന്നു. മാറാട് കലാപം പറയാതിരിക്കുന്നതെന്തിന്?. വിശ്വാസത്തെയല്ല, വര്‍ഗീയതയെയാണ് എതിര്‍ക്കുന്നത്'

ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ തന്ത്രിയെ കടന്നാക്രമിക്കാന്‍ എം.വി.ഗോവിന്ദന്‍ തയ്യാറായില്ല. എസ്ഐടി അന്വേഷണം ശരിയായ നിലയിലാണ്. തന്ത്രിയെ പിടിക്കാന്‍ പാടില്ല എന്നുണ്ടോ?. അന്വേഷണത്തില്‍ സിപിഎമ്മിന് ഉത്കണ്ഠയില്ലെന്നും സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു . 

Also Read: 'തുടർപ്രതികരണങ്ങൾ നടത്തേണ്ടതില്ല'; എ.കെ. ബാലന്‍റെ പ്രസ്താവനയില്‍ ഒഴിഞ്ഞുമാറി സിപിഎം


അതേസമയം  , പാര്‍ട്ടി പറഞ്ഞാല്‍ പ്രസ്താവന തിരുത്തുമെന്നായിരുന്നു എ.കെ.ബാലന്‍ ഇന്ന് മാധ്യമങ്ങളോടു പറഞ്ഞത്. ജമാഅത്തെ ഇസ്‍ലാമിയുടെ വക്കീല്‍ നോട്ടിസിന് മാപ്പുപറയാന്‍ മനസില്ലെന്നും  ബാലന്‍ പാലക്കാട്ട് പറഞ്ഞു.  മാറാട് പരാമര്‍ശിക്കുന്നത് എങ്ങനെ കുറ്റമാകും. അങ്ങനെയെങ്കില്‍ ബാബറി മസ്ജിദിനെക്കുറിച്ച് പറയുന്നത് തെറ്റാകുമോയെന്നും ബാലന്‍ ചോദിച്ചു. 

യുഡിഎഫ് അധികാരത്തിലെത്തിയാൽ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുക ജമാഅത്തെ ഇസ്‌ലാമി ആയിരിക്കുമെന്നും അതോടെ ഒരു മാറാട് മാത്രമല്ല പല മാറാടുകളും ആവർത്തിക്കുമെന്നുമായിരുന്നു ബാലന്റെ പ്രസ്താവന. 

ജമാഅത്തെ ഇസ്‌ലാമി കലാപത്തിനു ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയുടെ പേരിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എ.കെ.ബാലനു ജമാ അത്തെ ഇസ്‌ലാമി വക്കീൽ നോട്ടിസയച്ചിരുന്നു. പ്രസ്താവന തിരുത്തി മാപ്പു പറയുകയും നഷ്ടപരിഹാരം നൽകുകയും ചെയ്തില്ലെങ്കിൽ സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്നാണ് അഡ്വ. അമീൻ ഹസൻ മുഖേന അയച്ച നോട്ടിസിലുള്ളത്. അധികാരത്തുടർച്ചയ്ക്കായി സിപിഎം നടത്തുന്ന ധ്രുവീകരണ രാഷ്ട്രീയം അംഗീകരിക്കാനാവില്ലെന്നും ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്മാൻ കഴിഞ്ഞ ദിവസം പറ‍ഞ്ഞു.

ENGLISH SUMMARY:

The focus keyword is CPM Kerala. CPM Kerala State Secretary MV Govindan defends AK Balan's statements regarding Jamaat-e-Islami, asserting the party opposes communalism, not faith, while addressing the controversy surrounding AK Balan's remarks and the Jamaat-e-Islami's legal notice.