നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റുകൾ എന്ന ലക്ഷ്യം മുന്നോട്ടുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി തന്റെ 'മിഷൻ 110' പ്രഖ്യാപിച്ചത്. യുഡിഎഫ് 100 സീറ്റുകൾ ലക്ഷ്യമിടുമ്പോൾ, അതിനെ മറികടക്കുന്ന ആത്മവിശ്വാസത്തോടെ മൂന്നാം തുടർച്ചയായ ഭരണം ഉറപ്പിക്കാനാണ് എൽഡിഎഫ് നീക്കം.
മന്ത്രിമാരുമായി ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ വിപുലമായ ഒരു പ്രസന്റേഷൻ രീതിയിലാണ് മുഖ്യമന്ത്രി കാര്യങ്ങൾ അവതരിപ്പിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും ചില മണ്ഡലങ്ങളിൽ തിരിച്ചടി ഉണ്ടായതായി മുഖ്യമന്ത്രി യോഗത്തിൽ തുറന്നുസമ്മതിച്ചു. എന്നാൽ ഈ തിരിച്ചടികളിൽ നിരാശരാകാതെ വർദ്ധിത വീര്യത്തോടെ മുന്നോട്ടുപോകാനാണ് അദ്ദേഹം നിർദ്ദേശം നൽകിയിരിക്കുന്നത്.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ ജനങ്ങൾ തള്ളിക്കളയുന്നില്ലെന്നും അത് വേണ്ട രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒന്നാം പിണറായി സർക്കാരും രണ്ടാം പിണറായി സർക്കാരും നടപ്പിലാക്കിയ വലിയ പദ്ധതികൾ ജനങ്ങളെ ബോധ്യപ്പെടുത്തണം. മന്ത്രിമാർ ഫയലുകൾക്ക് മുന്നിൽ മാത്രം ഇരിക്കാതെ ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തണം. ഓരോ മന്ത്രിമാർക്കും ജില്ലകളുടെ പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. പ്രാദേശികമായ രാഷ്ട്രീയ-വികസന പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാൻ മന്ത്രിമാർ നേരിട്ട് ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്നോട്ടുപോയ വാർഡുകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധന നടത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ ആരോപണങ്ങളെ വികസന നേട്ടങ്ങൾ കൊണ്ട് പ്രതിരോധിക്കുക എന്നതാണ് എൽഡിഎഫിന്റെ പ്രധാന സ്ട്രാറ്റജി. നവകേരള സൃഷ്ടി എന്ന ലക്ഷ്യം മുൻനിർത്തി ജനങ്ങളോട് വോട്ട് അഭ്യർത്ഥിക്കാൻ അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം യുഡിഎഫ് 100 സീറ്റുകൾ ലക്ഷ്യമിട്ടതിനെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് 110 എന്ന നമ്പറുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് കളത്തിലിറങ്ങിയിരിക്കുന്നത്.