ഏറെ വീക്ഷണങ്ങളുള്ള ചെറുപ്പക്കാരനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വിവി രാജേഷെന്നും, അദ്ദേഹത്തിന്‍റെ വരവ് തലസ്ഥാനനഗരിക്ക് ഉണർവാവുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മേയറായി ചുമതലയേറ്റ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളി വസതിയിൽ എത്തുകയും ദീർഘനേരം ആനുകാലിക വിഷയങ്ങൾ സംസാരിക്കുകയും ചെയ്തുവെന്ന് വെള്ളാപ്പള്ളി ഫെയ്സ്ബുക്കില്‍ കുറിച്ചു. വലിയ ഉത്തരവാദിത്വത്തിലേയ്ക്കുള്ള വിവി രാജേഷിന്‍റെ കടന്നു വരവ് മൂലം തലസ്ഥാനത്താകെ വികസനമുണ്ടാവട്ടെയെന്നും വെള്ളാപ്പള്ളി ആശംസിച്ചു.
അതേസമയം, മലപ്പുറത്തെപ്പറ്റിയുള്ള വര്‍ഗീയ പരാമര്‍ശത്തിന്‍റെ പേരില്‍ വെള്ളാപ്പള്ളിക്കെതിരെ വലിയ വിമര്‍ശനങ്ങളാണുയരുന്നത്. മുസ്ലിം ലീഗിനെതിരെ തുറന്നടിച്ച് വീണ്ടും വെള്ളാപ്പള്ളി ഇന്ന് രെഗത്തെത്തി. മത കലഹമുണ്ടാക്കാന്‍ ലീഗ് ശ്രമിക്കുകയാണ്. മാറാട് ആവര്‍ത്തിക്കാനാണ് ശ്രമം. മുസ്ലിം സമുദായത്തെ ഈഴവര്‍ക്കെതിരെ തിരിക്കാന്‍ നോക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു.
ലീഗ് സാമൂഹിക നീതി നടപ്പിലാക്കിയില്ലെന്നും മലപ്പുറത്ത് മുസ്ലിം സമുദായത്തിന് മുട്ടിന് മുട്ടിന് കോളജുണ്ട്. ഈഴവ സമുദായത്തിന് നല്‍കിയത് ഒരു എയ്ഡഡ് കോളജാണ്. ഭരണത്തിലിരുന്നപ്പോള്‍ ലീഗ് എന്ത് ചെയ്തുവെന്ന് ആത്മപരിശോധന നടത്താന്‍ വെല്ലുവിളിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ സത്യം പറഞ്ഞതിന് തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം വാദിക്കുന്നു. തിരഞ്ഞെടുപ്പിലെ തോല്‍വി സിപിഐ പരിശോധിക്കണമെന്ന് വിമര്‍ശനം ഉയര്‍ത്തിയ വെള്ളാപ്പള്ളി താന്‍ പിണറായിയുടെ ജിഹ്വയല്ലെന്നും പ്രശ്നാധിഷ്ഠിത പിന്തുണ മാത്രമാണ് നല്‍കുന്നതെന്നും പറഞ്ഞു.
മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ നേരത്തേയുള്ള പരാമര്‍ശം. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.