മതേതരത്വം എന്ന വാക്കിനർത്ഥം പഠിക്കാൻ ഏതെങ്കിലും സ്കൂളിൽ പോകണമെന്നില്ലെന്നും വർഗ്ഗീയതയുടെ കണ്ണട മാറ്റി മനുഷ്യരെ കാണാൻ പഠിച്ചാൽ മതിയെന്നും കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. സാമാന്യബോധം, സാമൂഹ്യബോധം, വകതിരിവ്, നെറിവ് എന്നിവയൊക്കെ ശീലിക്കാൻ സ്വന്തമായി സ്കൂൾ തുടങ്ങണമെന്നുമില്ല. സംഘപരിവാർ ക്ലാസ്സിൽ പഠിച്ചത് വഴിയിൽ ഉപേക്ഷിച്ച് സഹാനുഭൂതി ശീലിച്ചാൽ മതിയെന്നും വെള്ളാപ്പള്ളിയെ ഉന്നമിട്ട് ജിന്‍റോ ഫെയ്സ്ബുക്കില്‍ കുറിച്ചു.
പറയുന്നതെല്ലാം കള്ളമാണെങ്കിലും വർഗ്ഗീയത പറഞ്ഞ് വീമ്പിളക്കുന്നതാണ് കൂടുതൽ കുറ്റകരം. സാംസ്കാരികമായി കേരളത്തിനോ സാമുദായികമായി ഈഴവർക്കോ വ്യക്തിപരവും കടുംബപരവുമായ സ്വാർത്ഥ ഫലേച്ഛ കൂടാതെ താങ്കൾ ഒന്നും തന്നെ ചെയ്തതായി കാണുന്നില്ല. അതുകൊണ്ട് നല്ലതിന്റേയും നന്മയുടേയും ബാലപാഠങ്ങൾ പഠിക്കാൻ ഈ പ്രായമേറിയ കാലത്ത് ഇനി പള്ളിക്കൂടത്തിന്റെ എണ്ണമെടുക്കേണ്ട കാര്യമില്ലെന്ന് തോന്നുന്നു. "അവനവൻ ആത്മ സുഖത്തിനായി ആചരിക്കുന്നവ അപരന്ന് സുഖത്തിനായി വരേണം." എന്ന ഗുരുവചനം മനസ്സിരുത്തി പഠിച്ചാൽ മതി. അതനുസരിച്ച് ജീവിച്ചാൽ മതി. – ജിന്‍റെ വ്യക്തമാക്കുന്നു.
മലപ്പുറത്ത് ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. പിന്നാക്കവിഭാഗക്കാര്‍ക്ക് ഒരു പള്ളിക്കൂടമോ കോളജോ ഹയര്‍സെക്കൻഡറി സ്‌കൂളോ ഇല്ല. വോട്ടുകുത്തിയന്ത്രങ്ങളാണ് മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാർ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങളുടെ ഒരംശം പോലും മലപ്പുറത്തെ പിന്നാക്കവിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തകര്‍ന്നടിഞ്ഞത് ഇവിടുത്തെ പിന്നാക്കക്കാരുടെ സ്വപ്‌നങ്ങളാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.