പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ക്കുള്ള തിരഞ്ഞെടുപ്പ് ശനിയാഴ്ച നടക്കാനിരിക്കെ എരുമേലി പഞ്ചായത്തില്‍ കോണ്‍ഗ്രസിന് പ്രതിസന്ധി. കേവല ഭൂരിപക്ഷം ഉണ്ടെങ്കിലും കോട്ടയം എരുമേലി പഞ്ചായത്തില്‍ യുഡിഎഫിന് പ്രസിഡന്‍റാക്കാന്‍ ആളില്ല. പ്രസിഡന്റ് പട്ടികവര്‍ഗ സംവരണമായ പഞ്ചായത്തില്‍ പട്ടികവര്‍ഗത്തില്‍നിന്നും യുഡിഎഫിന് അംഗങ്ങളില്ലാത്തതാണ് കാരണം. ഇതോടെ യുഡിഎഫിന് ഭൂരിപക്ഷമുണ്ടെങ്കിലും എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം യുഡിഎഫിന് ലഭിക്കില്ല.
രണ്ട് സീറ്റില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും രണ്ടുപേരും തോറ്റു. ബിജെപിക്കും സിപിഎമ്മിനും പട്ടികവര്‍ഗ അംഗങ്ങളുണ്ട്. 24 അംഗ പഞ്ചായത്തില്‍ യുഡിഎഫിന് 12 അംഗങ്ങളുടെ പിന്തുണയുണ്ട്. അതേസമയം, കോട്ടയം ജില്ലയിൽ കേവല ഭൂരിപക്ഷമുള്ള 39 പഞ്ചായത്തുകളിൽ യുഡിഎഫ് അധികാരത്തിൽ എത്താനാണ് സാധ്യത.
രാവിലെ പത്തരയ്ക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കും നടത്തും. ഭരണംപിടിക്കാനുള്ള അവസാനവട്ട നീക്കങ്ങളിലാണ് മുന്നണികൾ. അംഗങ്ങളുടെ എണ്ണം തുല്യമായിരിക്കുന്ന ഇടങ്ങളിൽ സ്വതന്ത്രരുടെയോ ചെറു കക്ഷികളുടെയോ പിന്തുണ ഉറപ്പാക്കാനാണ് ശ്രമം. എന്നിട്ടും സമനില തുടർന്നാൽ നറുക്കെടുപ്പ് വേണ്ടിവരും.