കൊച്ചി മേയര്‍ പദവി വി.കെ.മിനിമോളും ഷൈനി മാത്യുവും പങ്കിടുമെന്ന തീരുമാനത്തിന് പിന്നാലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്. മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് ദീപ്തി പ്രതികരിച്ചു. കോര്‍ കമ്മിറ്റി വിളിച്ചില്ല, വോട്ടിങ്ങും നടന്നില്ല. ഒന്നിലധികം ആളുകൾ വന്നാൽ കെപിസിസിക്ക് വിടണമെന്നായിരുന്നു നിർദേശമെന്നും ദീപ്തി പറയുന്നു.

തിരഞ്ഞെടുപ്പില്‍ നേതൃത്വം നല്‍കണമെന്ന് പറഞ്ഞിരുന്നു. പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ പറഞ്ഞത് അനുസരിച്ചു. തീരുമാനം മാറിയത് എന്തുകൊണ്ട് എന്നറിയില്ല. പ്രതിപക്ഷനേതാവിനോട് പരിഭവവും, പരാതിയുമില്ല. കെപിസിസി നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്ന് പരിശോധിക്കണമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. പുതിയ മേയർക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും എല്ലാ പിന്തുണയും നൽകുമെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു.

അതേസമയം എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് തീരുമാനം എന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പ്രതികരിച്ചത്. ജനം ആഗ്രഹിക്കുന്ന ഭരണം നടത്തുമെന്ന് നിയുക്ത മേയര്‍ വി.കെ.മിനിമോളും മനോരമ ന്യൂസിനോട് പ്രതികരിച്ചു. ആദ്യ രണ്ടര വര്‍ഷമായിരിക്കും വി.കെ.മിനിമോള്‍ മേയറാകുക. പിന്നീട് ഷൈനി മാത്യു മേയറാകും. ഡപ്യൂട്ടി മേയർപദവിയും വീതംവയ്ക്കും. ദീപക് ജോയ് ആദ്യം ഡപ്യൂട്ടി മേയറാകും. കെവിപി കൃഷ്ണകുമാർ രണ്ടരവർഷത്തിനുശേഷം ഡപ്യൂട്ടി മേയറാകും.

പാലാരിവട്ടം ഡിവിഷനിൽനിന്നാണ് മിനിമോൾ ജയിച്ചത്. ഫോർട്ട്കൊച്ചി ഡിവിഷനിൽനിന്നാണ് ഷൈനി മാത്യു ജയിച്ചത്. സ്റ്റേഡിയം ഡിവിഷൻ കൗൺസിലറാണ് ദീപ്തി. കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചകളിൽ ഉണ്ടായിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ല.  നേരത്തേ കറുകപ്പള്ളി കൗൺസിലറായിരുന്ന ദീപ്തി മേരി വര്‍ഗീസ് ജനറൽ വാർഡ് ആയതോടെ, മണ്ഡലപുനർനിർണയത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട കലൂർ സ്റ്റേഡിയം ഡിവിഷനിലേക്ക് ചുവടു മാറ്റുകയായിരുന്നു.

ENGLISH SUMMARY:

Following the decision to share the Kochi Mayor post between VK Minimol and Shiny Mathew, KPCC General Secretary Deepti Mary Varghese expressed her strong dissent. She alleged that norms were violated and the core committee was not consulted. Despite her disappointment, Deepti extended wishes to the new mayor but demanded a probe into whether KPCC guidelines were followed.