പി.വി.അന്‍വറിനെയും സി.കെ ജാനുവിനെയും വിഷ്ണുപുരം ചന്ദ്രശേഖരനെയും ഉള്‍പ്പെടുത്തി യുഡിഎഫ് വിപുലീകരിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ധാരണ. മൂന്നുപേരുടെയും പാര്‍ട്ടികളെ യുഡിഎഫ് അസോഷ്യേറ്റ് അംഗങ്ങളാക്കും. ജോസ് കെ.മാണിയുടെ കാര്യത്തില്‍ പി.ജെ.ജോസഫ് എതിര്‍പ്പ് കടുപ്പിക്കുകയാണ്. തൂക്കുസഭകളുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സിപിഎമ്മുമായി യുഡിഎഫ് സഹകരിക്കില്ല.
കാത്തുകാത്തിരുന്ന് കണ്ണുകഴച്ച അന്‍വറിനെ ഒടുവില്‍ യുഡിഎഫ് വാതില്‍ തുറന്ന് അകത്തേയ്ക്ക് വിളിച്ചു. ഇരിക്കാം. പക്ഷെ ഉറച്ചിരിക്കാറായിട്ടില്ല. തല്‍ക്കാലം അസോഷ്യേറ്റ് അംഗം, അന്‍വറിന്‍റെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം സി.കെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെയും വിഷ്ണുപുരം ചന്ദ്രശേഖരന്‍റെ കേരള കാമരാജ് കോണ്‍ഗ്രസിനെയും അസോഷ്യേറ്റ് അംഗങ്ങളാക്കാനാണ് തീരുമാനം. പ്രത്യേകം ക്ഷണിച്ചാല്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാം. നിയമസഭാ തിരഞ്ഞെടുപ്പ് ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമാക്കും. യുഡിഎഫിനെ നിരുപാധികം പിന്തുണയ്ക്കാമെന്ന് മൂന്നുപേരും കത്തുനല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വിശദീകരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് യുഡിഎഫ് വിപുലീകരണത്തിന്‍റെ ഭാഗമായി അസോഷ്യേറ്റ് അംഗങ്ങളെത്തുന്നത്. മുന്‍കോണ്‍ഗ്രസുകാരനായ അന്‍വറിന്‍റെ വരവ് രാഷ്ട്രീയമായി യുഡിഎഫിന് കരുത്താകും. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പുതന്നെ അന്‍വറിനെ അസോഷ്യേറ്റ് അംഗമാക്കാന്‍ ധാരണയായിരുന്നു. വി.ഡി സതീശന്‍റെ അതൃപ്തി തീരുമാനം വൈകാനിടയാക്കി. അന്‍വറിന് സീറ്റ് നല്‍കുന്നതില്‍ മുസ്‍ലിം ലീഗുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കൊപ്പം വിവിധ സാമുദായ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരെക്കൂടി ഉള്‍പ്പെടുത്തി മഴവില്‍ മുന്നണിയാക്കണമെന്ന പ്രതിപക്ഷനേതാവിന്‍റെ താല്‍പര്യത്തിന്‍റെ ഭാഗമായാണ് സി.കെ ജാനുവിനെയും വിഷ്ണുപുരം ചന്ദ്രശേഖരനെയും ഒപ്പം നിര്‍ത്താന്‍ തീരുമാനിച്ചത്. ഇരുവരും ബിജെപി സഖ്യകക്ഷിനേതാക്കാളാണെന്നതും യുഡിഎഫ് എടുത്തുകാട്ടി. തിരുവനന്തപുരത്തെ ബിജെപി മുന്നേറ്റത്തെ തടയാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ കരുത്താകുമെന്ന് കണക്കുകൂട്ടി. എന്നാല്‍ ഈ നീക്കം പിഴച്ചു. അസോഷ്യേറ്റ് അംഗമാക്കി വിലകുറച്ചു കണ്ടുവെന്നതാണ് വിഷ്ണുപുരത്തിന്‍റെ അതൃപ്തിക്ക് കാരണം.
തനിക്ക് സംഘപരിവാര്‍ പശ്ചാത്തലമാണുള്ളതെന്നും യുഡിഎഫിലേയ്ക്കില്ലെന്നുമാണ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടാണ് വിഷ്ണുപുരം ചന്ദ്രശേഖരനെ യുഡിഎഫില്‍ ഉള്‍പ്പെടുത്തിയതെന്നും വരുന്നില്ലെങ്കില്‍ വേണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു. യുഡിഎഫ് അസോഷ്യേറ്റ് അംഗമാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് സി.കെ ജാനുവും സന്തോഷമെന്ന് പി.വി അന്‍വറും പറഞ്ഞു.
മുത്തങ്ങ സമരം അന്നത്തെ സാഹചര്യത്തില്‍ സംഭവിച്ചുപോയതാണെന്നും സി.കെ ജാനുവിനെ യുഡിഎഫ് ചേര്‍ത്തുപിടിക്കുമെന്നും പ്രതിപക്ഷ നേതാവ് പറയുന്നു. തീരുമാനത്തെ ജാനുവും സ്വാഗതം ചെയ്തു.
ജോസ് കെ മാണിയെ മുന്നണിയിലെടുക്കുന്നതിനോട് യുഡിഎഫ് യോഗം ചേരുന്നതിന് തൊട്ടുമുന്‍പ് തന്നെ പി.ജെ ജോസഫ് കടുത്ത എതിര്‍പ്പ് പരസ്യപ്പെടുത്തി. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം യുഡിഎഫ് ഇപ്പോള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് നേതൃത്വം പറയുമ്പോഴും ആര്‍ക്കു മുന്നിലും വാതില്‍ അടിഞ്ഞിട്ടില്ലെന്നും ഇനിയും പാര്‍ട്ടികള്‍ വരുമെന്നും കൂട്ടിച്ചേര്‍ക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യുഡിഎഫ് നേരത്തെ തുടങ്ങും. ഉഭകക്ഷി ചര്‍ച്ചകള്‍ ജനുവരി പതിനഞ്ചോടെ പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥി നിര്‍ണയവും വേഗത്തില്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി ആദ്യ വാരം മുതല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരംവരെ പ്രതിപക്ഷനേതാവ് നയിക്കുന്ന യുഡിഎഫ് ജാഥയും സംഘടിപ്പിക്കും. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തിരുവനന്തപുരം കോര്‍പറേഷനിലും തൃപ്പൂണിത്തുറ, പാലക്കാട് നഗരസഭകളിലും അധികാരത്തിനായി സിപിഎമ്മുമായി യുഡിഎഫ് സഹകരിക്കേണ്ടതില്ല. സിപിഎമ്മുമായി നീക്കുപോക്കുണ്ടാക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ആയുധമാക്കുമെന്നും തിരിച്ചടിയുണ്ടാക്കാനിടയുണ്ടെന്നുമുള്ള പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍റെ നിലപാട് യുഡിഎഫ് നേതൃത്വം അംഗീകരിച്ചു.