കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി മാറ്റം അടഞ്ഞ അധ്യായമെന്ന് ആവർത്തിച്ച് യുഡിഎഫ്. ഇതുവരെ ഇത്തരം ചർച്ചകൾ തുടങ്ങിയിട്ടില്ലെന്നും മുന്നണി വികസനം ഇപ്പോൾ അജണ്ടയിലില്ലെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന നിലപാടെടുത്ത് പി.ജെ. ജോസഫും മാണി ഗ്രൂപ്പിന് മുന്നിൽ വാതിലടയ്ക്കുകയാണ്.
ശക്തികേന്ദ്രങ്ങളിലുൾപ്പെടെ നിലതെറ്റിയപ്പോൾ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് തദ്ദേശതിരഞ്ഞെടുപ്പിൽ വൻ തോൽവി.
ഈ സാഹചര്യത്തിൽ, മുന്നണി വിട്ടവർക്ക് വേണമെങ്കിൽ തിരിച്ചുവരുന്നകാര്യം ചിന്തിക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ പരസ്യ പ്രതികരണമാണ് ചർച്ചകർക്ക് തുടക്കം. മധ്യകേരളത്തിൽ യുഡിഎഫ് ജയത്തിന് കരുത്തു പകർന്ന കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനോട് ആലോചിക്കാതെയുളള പരസ്യപ്രതികരണം പുലിവാല് പിടിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ ഇടപെടൽ. മുന്നണി വികസനം തത്ക്കാലം ചർച്ചയല്ലെന്നും യുഡിഎഫ് ആണ് ഇക്കാര്യത്തിൽ ഒറ്റക്കെട്ടായ തീരുമാനമെടുക്കേണ്ടതെന്നും പറഞ്ഞ് കോൺഗ്രസ് വ്യക്തത വരുത്തുന്നു.
ജോസഫ് വിഭാഗത്തെ കടന്നാക്രമിച്ച ജോസ് കെ മാണിയുടെ പരാമർശങ്ങൾക്ക് തത്ക്കാലം മറുപടി പറയുന്നില്ലെങ്കിലും, കണക്കുകൾ നിരത്തി മാണി ഗ്രൂപ്പിന്റെ ദുർബലാവസ്ഥ പി.ജെ. ജോസഫ് വരച്ചുകാണിക്കുന്നു. ഇടത് മുന്നണിയിൽ ഒരു പ്രസക്തിയും ഇല്ലാത്തവർക്ക് പ്രവേശനം നൽകേണ്ടതില്ല. വേണ്ടത് മുന്നണിയുടെ ജനകീയ അടിത്തറ ശക്തിപ്പെടുത്തൽ.
യുഡിഎഫിലേക്കില്ലെന്നും ഇടതുപക്ഷത്ത് തന്നെ ഉറച്ചുനിൽക്കുകയാണെന്നും കേരള കോൺഗ്രസ് മാണി വിഭാഗം ആവർത്തിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് കേരളകോൺഗ്രസ് പാർട്ടികൾ ഒന്നാവണമെന്ന ഒരുവിഭാഗം പ്രവർത്തകരുടെ ആവശ്യത്തിന് തത്ക്കാലം പ്രസക്തിയില്ലെന്ന് ചുരുക്കം.