ഒഞ്ചിയം മേഖലയിൽ ഇത്തവണയും ആധിപത്യം തുടർന്ന് ആര്‍എംപി –യുഡിഎഫ് ജനകീയ മുന്നണി. ഏറാമല ഒഞ്ചിയം പഞ്ചായത്തുകളിൽ ജനകീയ മുന്നണി ഭരണം പിടിച്ചപ്പോൾ, ചോറോടും അഴിയൂരും എല്‍ഡിഎഫും പിടിച്ചെടുത്തു.
കഴിഞ്ഞ തവണ ഒരു സീറ്റിന്‍റെ വ്യത്യാസത്തിൽ നിലനിർത്തിയ ഒഞ്ചിയം പഞ്ചായത്തിൽ ഇത്തവണ ജനകീയ മുന്നണിക്ക് ശക്തമായ ഭൂരിപക്ഷമുണ്ട്. 19 സീറ്റുള്ള പഞ്ചായത്തിൽ 12 ഉം ജനകീയ മുന്നണിക്ക്. ഏറാമലയിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് നില വർധിപ്പിച്ചു ആര്‍എംപി –യുഡിഎഫ് ജനകീയ മുന്നണി ആധിപത്യം ഉറപ്പിച്ചു. ടി പി ചന്ദ്രശേഖരന്റെ ചോരക്ക് ഇന്നും ജനം മറുപടി പറയുന്നുവെന്ന് കെ കെ രമ പ്രതികരിച്ചു.
മേഖലയിലെ അഴിയൂർ ചോറോട് പഞ്ചായത്തുകൾ ഇത്തവണയും പക്ഷെ എല്‍ഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞതവണ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നിന്ന അഴിയൂർ പഞ്ചായത്തിൽ എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അതിനിടെ അഴിയൂർ പഞ്ചായത്ത് 15ാം വാർഡിൽ ഒരു വോട്ടിന് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചതിനെതിരെ ബിജെപി രംഗത്തെത്തി. അസാധുവായ പോസ്റ്റൽ വോട്ട് സാധുവാക്കിയാണ് എല്‍ഡിഎഫ് ജയം എന്നാണ് ആരോപണം. ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ബിജെപി.