ഒറ്റവാക്കിൽ പറഞ്ഞാൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ജനം നൽകിയതെന്നും, ഒരു ഭരണമാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് എന്നത് ഉറപ്പാണെന്നും സാമൂഹ്യ നിരീക്ഷകൻ ബഷീർ വള്ളിക്കുന്ന്. സിപിഎമ്മിന്റെ സ്പെയ്സിലേക്ക് ബിജെപി കടന്നു കയറുന്നതായി വേണം മനസ്സിലാക്കാനെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നഷ്ട്ടപ്പെടുന്ന ഹിന്ദു വോട്ടുകൾ ലക്ഷ്യമാക്കി നിരന്തരം വർഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയെപ്പോലൊരാളെ മുന്നിൽ നിർത്തി ഹൈന്ദവ വികാരങ്ങളെ ഉണർത്താൻ സിപിഎം ശ്രമിച്ചപ്പോൾ ആ "സോഷ്യൽ എൻജിനീയറിങ്" ഫലം കണ്ടു. ഹൈന്ദവ വികാരങ്ങൾ ഉണർന്നു. പക്ഷേ ആ ഫലം കൊണ്ട് പോയത് ബിജെപി ആണെന്ന് മാത്രം.
മത നിരപേക്ഷ നിലപാടിൽ വെള്ളം കലർത്തി എപ്പോഴോക്കെ വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചാലും അതിന്റെ ഡയറകറ്റ് ബെനിഫിഷ്യറി വർഗീയ കക്ഷികളായിരിക്കും. സിപിഎം ലക്ഷ്യമിട്ട ഈഴവ വോട്ടുകൾ കേന്ദ്രീകരിപ്പിക്കാൻ പറ്റിയില്ല എന്ന് മാത്രമല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ മുസ്‌ലിം സമൂഹത്തിൽ നിന്ന് ഇടതുപക്ഷത്തിന് കിട്ടിയ വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചു പോകാനും ഈ മഹത്തായ "സോഷ്യൽ എൻജിനീയറിങ്" കാരണമായി. ജയ് ജയ് വെള്ളാപ്പള്ളി എന്ന പരിഹാസത്തോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ തിരിച്ചടിയാണുണ്ടായത്. ഉറച്ച കോട്ടകള്‍ കൈവിട്ടതോടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫിന് കാലിടറി. കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ് നിലവില്‍ എല്‍ഡിഎഫിന് മുന്നേറ്റമുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും വന്‍ തിരിച്ചടിയാണ് നേരിട്ടത്. കൊല്ലത്ത് മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു. മുന്‍ മേയര്‍ രാജേന്ദ്രബാബുവും തോറ്റു.