തിരഞ്ഞെടുപ്പ് ദിനം കിഴക്കമ്പലത്തെ ബൂത്തിൽ മാധ്യമങ്ങൾക്കെതിരെയുണ്ടായ അക്രമത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ വാദപ്രതിവാദവുമായി ട്വൻ്റി ട്വൻ്റി ചീഫ് കോർഡിനേറ്റർ സാബു എം.ജേക്കബും ശ്രീനിജിൻ എംഎൽഎയും. ട്വൻ്റി ട്വൻ്റിയെ തുടച്ചുനീക്കാൻ ഗൂഢാലോചന നടന്നുവെന്നും കോൺഗ്രസിനെയും സിപിഎമ്മിനെയും നിയന്ത്രിക്കുന്നത് ശ്രീനിജിൻ എംഎൽഎയാണെന്നും സാബു എം ജേക്കബ് ആരോപിച്ചു.നുണകളുടെ വലിയ രാജകുമാരനാണ് സാബുവെന്ന് ശ്രീനിജിൻ തിരിച്ചടിച്ചു.
ട്വൻ്റി ട്വൻ്റിയെ തുടച്ചുനീക്കാൻ കോൺഗ്രസ് സിപിഎം ടീം പ്രവർത്തിച്ചുവെന്നും പ്രതിപക്ഷ നേതാവും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നുമാണ് സാബു എം ജേക്കബിൻ്റെ ആരോപണം. ഇന്നലെ കിഴക്കമ്പലത്തെ ബൂത്തിലുണ്ടായ അക്രമം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും മാധ്യമങ്ങൾ ഉണ്ടായില്ലെങ്കിൽ താൻ ആക്രമിക്കപ്പെട്ടേനെയെന്നും സാബു എം ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ശ്രീനിജിൻ എംഎൽഎയാണ് ഇത് നിയന്ത്രിക്കുന്നതെന്നും സാബു ആരോപിച്ചു.
ഏന്നാൽ സാബു വോട്ട് ചെയ്ത ബൂത്തിലൊഴിച്ച് ഒരു സ്ഥലത്തും പ്രശ്നം ഉണ്ടായില്ലെന്നും മനപ്പൂർവം പ്രശ്നങ്ങൾ ഉണ്ടാക്കാനാണ് സാബുവിൻ്റെ ശ്രമമെന്നും ശ്രീനിജിൻ പറഞ്ഞു. സാബു ജേക്കബ് സംവാദത്തിന് തയാറുണ്ടോയെന്നും എംഎൽഎയുടെ വെല്ലുവിളി. അതിനിടെ കിഴക്കമ്പലത്ത് മാധ്യമപ്രവർത്തകരെ സംഘം ചേർന്ന് ചെയ്തതിനും അസഭ്യം പറഞ്ഞതിനും സിപിഎം പ്രാദേശിക നേതാവ് ബിജു ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.