ശബരിമലയിൽ ഇന്നലെ നട അടച്ച ശേഷവും ഭക്തരുടെ നീണ്ട നിര. മരക്കൂട്ടം മുതൽ പതിനെട്ടാം പടിക്ക് താഴെ നടപ്പന്തൽ വരെ തിരക്ക് നീണ്ടു.
അര മണിക്കൂറിലേറെ സമയം ക്യൂവിൽ കാത്ത് നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു ലക്ഷത്തിന് മുകളിൽ തീർഥാടകരാണ് സന്നിധാനത്ത് എത്തിയത്. തിരഞ്ഞെടുപ്പ് ദിവസം തിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ ദർശനത്തിന് എത്തിയവർ മരക്കൂട്ടം ഭാഗത്ത് ക്യുവിൽ അകപ്പെട്ടു. തിരക്ക് കരണം ചന്ദ്രാനന്ദൻ റോഡ് വഴി ഭക്തർ സന്നിധാനത്ത് എത്താൻ 4 മണിക്കൂറിലേറെ സമയം എടുത്തു. പരമ്പരാഗത കാനന പാതയിൽ ഉരക്കുഴി വെള്ളച്ചാട്ടത്തിന് സമീപം സ്ഥിരമായി കാട്ടാന ഇറങ്ങുന്നതിനാൽ ഭക്തർ ഉരക്കുഴി ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വനംവകുപ്പ് നിർദേശിച്ചു.
മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നടതുറന്ന് 23 ദിവസം പിന്നിടുമ്പോൾ പത്തൊൻപതര ലക്ഷം ഭക്തരാണ് ഇതുവരെ ദർശനം പൂർത്തിയാക്കിയത്. പരമ്പരാഗത കാനന പാത വഴി എത്തുന്ന ഭക്തരുടെ എണ്ണത്തിലും വലിയ വർദ്ധനവ് ഉണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പയിൽ സ്പോട്ട് ബുക്കിങ് ക്രമീകരിക്കും.