suresh-gopi

തൃശൂര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രചാരണം നയിക്കാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തി. അന്‍പത്തിയാറു ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളേയും അണിനിരത്തിയാണ് സുരേഷ് ഗോപിയുടെ പ്രചാരണം. 

ബി.ജെ.പി. തൃശൂര്‍ കോര്‍പറേഷന്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ ചൊല്ലി ആഭ്യന്തരകലഹം നടന്ന ഡിവിഷനാണ് കുട്ടന്‍കുളങ്ങര. ഈ ഡിവിഷനില്‍ ബി.ജെ.പിയ്ക്കു കൂടുതല്‍ ഊര്‍ജം പകരാനാണ് പാര്‍ട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഇറക്കിയത്. നഗരമേഖലയില്‍ മല്‍സരിക്കുന്ന മറ്റു സ്ഥാനാര്‍ഥികളേയും കുട്ടന്‍കുളങ്ങരയില്‍ അണിനിരത്തി. കോര്‍പറേഷന്‍ പിടിക്കുകയല്ലാതെ മറ്റൊരു ലക്ഷ്യവും ബി.ജെ.പിയ്ക്കില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കെതിരെ സി.പി.എം ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആക്ഷേപം പുലിക്കളി ധനസഹായം വൈകിയതാണ്. മനോരമ ന്യൂസിന്‍റെ വോട്ടുകവലയിലെ ചര്‍ച്ചയിലൂടെയാണ് വിവാദം കൊടുമ്പിരിക്കൊണ്ടത്. മൂന്നു ലക്ഷം രൂപയുടെ കേന്ദ്രസഹായം സുരേഷ് ഗോപി ഇടപ്പെട്ട് പുലിക്കളി സംഘങ്ങള്‍ക്ക് അനുവദിച്ചിരുന്നു. ഓണം കഴിഞ്ഞ് ക്രിസ്മസ് ആകാറായിട്ടും സഹായം കിട്ടിയില്ലെന്നാണ് വിമര്‍ശനം. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ വീഴ്ചയാണ് കാരണമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി ജയിച്ചപ്പോള്‍ മുപ്പത്തിനാലു ഡിവിഷനുകളില്‍ ബി.ജെ.പി. ഒന്നാമതെത്തി. ഈ പ്രകടനം തുടര്‍ന്നാല്‍ കോര്‍പറേഷന്‍ പിടിക്കാമെന്ന കണക്കിലാണ് സുരേഷ് ഗോപിയെ പാര്‍ട്ടി മുന്നില്‍ നിര്‍ത്തുന്നത്.

ENGLISH SUMMARY:

Thrissur Corporation election campaign sees Suresh Gopi leading the charge for BJP. He aims to boost the party's prospects and address key issues like the Pulikkali fund delay.