​തെരുവുനായ ശല്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കും. ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടായിരം രൂപ പ്രത്യേക പ്രതിമാസ അലവന്‍സ്. ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലും ന്യായ് പഞ്ചായത്തുകള്‍. ജനപ്രിയ വാഗ്ദാനങ്ങള്‍ ഏറെ ഉള്‍പ്പെടുത്തി തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ശബരിമല സ്വര്‍ണക്കൊള്ള അടക്കം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ പ്രചാരണവും നടത്തും.  

ഇന്നത്തെ വഗ്ദാനം. നാളത്തെ യാഥാര്‍ഥ്യം. ഒപ്പമുണ്ടാകും യുഡിഎഫ്. ഈ മുദ്രാവാക്യങ്ങളോടെയാണ് പ്രകടന പത്രിക. ദാരിദ്ര നിര്‍മാര്‍ജനത്തിനായി ആശ്രയ പദ്ധതിയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്നത് അടക്കം പുതിയ കേരളത്തിനായി പുതിയ പദ്ധതികള്‍. കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ ഇന്ദിര കാന്‍റീന്‍. തെരുവുനായകളെ മാസത്തിലൊരിക്കല്‍ വന്ധ്യംകരിക്കാനും വാക്സിനേഷന്‍ ഡ്രൈവുകള്‍ക്കും മൊബൈല്‍ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കും. റാബീസ് പിടിപെട്ട തെരുവ് നായകളെ ഇല്ലായ്മ ചെയ്യും. വന്യജീവികളില്‍ സംരക്ഷണത്തിന് തദ്ദേശ സ്ഥാപനങ്ങളില്‍ പ്രത്യേക സ്ക്വാഡ്. വെള്ളെക്കെട്ടുള്ള പ്രദേശങ്ങളില്‍ സ്പോഞ്ച് പാര്‍ക്കുകള്‍. നഗരത്തില്‍ വെള്ളക്കെട്ട് തടയാന്‍ ഓപ്പറേഷന്‍ അനന്ത മോഡല്‍ കര്‍മപദ്ധതി. 5 വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം വീടുകള്‍ നിര്‍മിക്കും. 

കുഴികള്‍ നിറഞ്ഞ പഞ്ചായത്ത് റോഡുകള്‍  അധികാരത്തിലെത്തി 100 ദിവസത്തിനകം നന്നാക്കും. വിദ്യാര്‍ഥികളെ പ്രാദേശിക വികസനത്തില്‍ തല്‍പരരാക്കാന്‍ സ്കൂള്‍ നഗരസഭ എന്ന പേരില്‍ പദ്ധതി.പാര്‍ക്കുകളിലും സ്റ്റേഡിയങ്ങളിലും ലൈബ്രറികളിലും സൗജന്യ വൈഫൈ സൗകര്യം. ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് എല്ലാവര്‍ഷവും മസ്റ്ററിങ് നടത്തണമെന്നും പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്നും വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നുമുള്വ നിബന്ധന ഒഴിവാക്കും. എന്നിവയാണ് പ്രധാനവാഗ്ദാനങ്ങള്‍. ശബരിമല സ്വര്‍ണക്കൊള്ള, ലൈഫ് മിഷന്‍ കേസ്, ഡോളര്‍ കടത്ത് കേസ് എന്നിവ അടക്കം വിവാദങ്ങളും കരുവന്നൂര്‍ ബാങ്ക് കൊള്ള അടക്കം അഴിമതികളും സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധികളും അക്കമിട്ട് നിരത്തി മറക്കില്ല കേരളം എന്ന പേരില്‍ കുറ്റപത്രവും യുഡിഎഫ് പുറത്തിറക്കി.

ENGLISH SUMMARY:

The United Democratic Front (UDF) has released its manifesto for the upcoming Kerala Local Body Elections, featuring popular promises like a stray dog-free Kerala, Rs 2,000 monthly allowance for Asha workers, and Indira Canteens for subsidized food. The manifesto also includes a "charge sheet" against the LDF government, highlighting issues like the Sabarimala gold theft and the Karuvannur bank scam.