യൂത്ത് കോണ്‍ഗ്രസ് നേതാവ് ജഷീര്‍ പള്ളിവയല്‍ വയനാട്ടില്‍ കോണ്‍ഗ്രസിനെതിരെ വിമതനായി മല്‍സരിക്കുന്നതിനെ എതിര്‍ത്തും പിന്തുണച്ചും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സൈബര്‍ ലോകത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജഷീറിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ രണ്ടുതട്ടിലാണ്. പാര്‍ട്ടിക്കെതിരെ നിന്നവര്‍ക്കെതിരെ ഒറ്റവാക്കില്‍ നിലപാട് പറഞ്ഞ ജഷീര്‍ തന്നെ ഇന്ന് പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നത് വിരോധാപാസമായാണ് ചിലര്‍ കാണുന്നത്. എന്നാല്‍ അര്‍ഹതപ്പെട്ട സീറ്റിന് വേണ്ടിയാണ് പോരാട്ടമെന്ന് പറയുന്നവരുമുണ്ട്.
പാലോട് രവിക്കെതിരെ പണ്ട് കഴിഞ്ഞ ജൂലൈയില്‍ ജഷീര്‍ ഇട്ട പോസ്റ്റാണ് വീണ്ടും പ്രവര്‍ത്തകര്‍ കുത്തിപ്പൊക്കുന്നത്. 'പാര്‍ട്ടിയാണ് വലുത് പാലോടല്ല, പുറത്തിടണം പ്രവര്‍ത്തകരെ മാനിച്ച്' എന്നാണ് അന്ന് ജഷീര്‍ തന്‍റെ ഫെയ്സ്ബുക്കില്‍ കുറിച്ചത്. രണ്ട് തവണ പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിച്ചയാളാണ് വീണ്ടും അധികാരത്തിനായി പാര്‍ട്ടിക്കെതിരെ നില്‍ക്കുന്നതെന്നാണ് ജഷീറിനെതിരായ പ്രധാന ആരോപണം.
സീറ്റ് നല്‍കാതിരുന്നപ്പോള്‍ വി.എസ് ജോയ് എടുത്ത നിലപാടിനെ അഭിനന്ദിച്ച് ജഷീര്‍ ഇട്ട പോസ്റ്റും പ്രവര്‍ത്തകര്‍ റീ ഷെയര്‍ ചെയ്യുന്നുണ്ട്. വാക്കിൽ മാത്രം അല്ല ആദർശം വേണ്ടത്, സരിന്‍ 2.0 എന്നൊക്കെയാണ് ജഷീറിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ എഴുതുന്നത്. തിരുത്തൽ വാദികളില്ലാതെ എന്ത് പാർട്ടി, ചിലത് തിരുത്തപ്പെടണമെങ്കിൽ പോരാട്ടം അനിവാര്യമാണ് എന്നാണ് മറുപക്ഷത്തിന്‍റെ വാദം.
നോമിനേഷന്‍ പിന്‍വലിക്കേണ്ട അവസാന ദിവസത്തിന് മുന്‍പ് പാര്‍ട്ടി നിലപാട് തിരുത്തും എന്ന പ്രതീക്ഷയിലാണ് ജഷീര്‍. രണ്ട് തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലേക്ക് ജഷീര്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ജില്ലാപഞ്ചായത്തിലേക്ക് മല്‍സരിക്കാന്‍ തോമാട്ടുച്ചാല്‍ ഡിവിഷന്‍ ആവശ്യപ്പെട്ടെങ്കിലും കോണ്‍ഗ്രസ് നല്‍കിയില്ല. ഇതിനെ തുടര്‍ന്നാണ് വിമതനായി മല്‍സരിക്കുന്നത്.