ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പത്മകുമാറിന്‍റെ അറസ്റ്റോടെ നാണംകെട്ട് സിപിഎമ്മും സര്‍ക്കാരും. അറസ്റ്റ് സിപിഎമ്മിന് തിരിച്ചടിയല്ലെന്നും പാര്‍ട്ടിയുടെ കൈകള്‍ ശുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. ഉപ്പുതിന്നവന്‍ വെള്ളംകുടിക്കുമെന്ന് വിദ്യാഭ്യസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞപ്പോള്‍, ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട ഒരു ഫയലും തന്‍റെ മുന്നില്‍ വന്നിട്ടില്ലെന്ന് പറഞ്ഞ് സ്വയം പ്രതിരോധത്തിനാണ് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ ദേവസ്വം കമ്മീഷ്ണര്‍ എന്‍.വാസുവിന് പിന്നാലെ പ്രസിഡന്‍റ് എ.പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയിലായി സിപിഎമ്മും ഇടതുമുന്നണിയും. ശബരിമലയിലെ ദൈന്യദിന കാര്യങ്ങള്‍ ദേവസ്വംബോര്‍ഡ് അറിയേണ്ട കാര്യമില്ലെന്ന സിപിഎം വാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് പത്മകുമാറിന്‍റെ കൈകളില്‍ വിലങ്ങ് വീഴുന്നത്. അറസ്റ്റിന് പിന്നാലെ പത്മകുമാര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്ന് ആദ്യം പ്രതികരണവുമായി എത്തിയത് മന്ത്രി വി.ശിവന്‍കുട്ടിയാണ്.
അന്വേഷണത്തിന്‍റെ ഭാഗമായി ആരെയും അറസ്റ്റു ചെയ്യാം എന്ന് വാദിക്കുമ്പോഴും ആരെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അറസ്റ്റ് തിരിച്ചടിയല്ലെന്നുമാണ് സംസ്ഥാന സെക്രട്ടറിയുടെ വാദം. പത്മകുമാറിന്‍റെ അറസ്റ്റോടെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരെയും ആരോപണങ്ങള്‍ ശക്തമാവുകയാണ്. ഇത് മുന്നില്‍ കണ്ട് പല തവണ ഒഴിഞ്ഞുമാറിയിട്ടുള്ള കടകംപള്ളി സ്വയം പ്രതിരോധം തീര്‍ത്ത് രംഗത്തെത്തി. ദേവസ്വം ബോർഡിന്റെ തീരുമാനങ്ങൾ ബോർഡിന്‍റേത് മാത്രമെന്നും തീരുമാനങ്ങൾ സർക്കാരിന്‍റെ അറിവോടയല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു.
കേവലം ഒരു ഉദ്യോഗസ്ഥനോ പാര്‍ട്ടി അംഗമോ മാത്രമല്ല പത്മകുമാര്‍ എന്നതാണ് പാര്‍ട്ടിയുടെ പ്രതിസന്ധിയുടെ വ്യാപ്തി കൂട്ടുന്നത്. 40 വര്‍ഷത്തിലേറെയായി പാര്‍ട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുള്ള പത്മകുമാര്‍ ഒരു തവണ എംഎല്‍എ പദവിയിലുമിരുന്നു. പത്മകുമാറിന്‍റെ അറസ്റ്റ് വോട്ടു ചോദിച്ച് സ്ഥാനാര്‍ഥികള്‍ വീടുകയറുന്ന സമയത്താണ് എന്നതും സിപിഎമ്മിനുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല.