തദ്ദേശ തിരഞ്ഞെടുപ്പിനു ദിവസങ്ങൾ അടുത്തിരിക്കെ പാലക്കാട്ടെ കോൺഗ്രസിൽ പരസ്യപ്പോര് രൂക്ഷമായി. സ്ഥാനാർഥി നിർണയത്തെ ചൊല്ലി പലയിടങ്ങളിൽ രാജിയും പ്രതിഷേധവും തുടരുകയാണ്. വിമർശനങ്ങളുമായി നേതാക്കൾ തന്നെ രംഗത്തെത്തിയതോടെ കടുത്ത തലവേദനയിലാണ് സംസ്ഥാന നേതൃത്വം.
പിരായിരി പഞ്ചായത്തിൽ സീറ്റ് നിഷേധിച്ചതിൽ രൂക്ഷ വിമർശനവും ആരോപണങ്ങളുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസം രാവിലെ. പണം വാങ്ങിയാണ് പലർക്കും സീറ്റ് നൽകിയത് എന്ന് പ്രീജ പറഞ്ഞുവച്ചു. തൃത്താല മണ്ഡലത്തിൽ കെഎസ്‌യുവിനെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച നേതൃത്വം കോൺഗ്രസ് നാട്ടിൽ പ്രവർത്തിക്കുന്നത് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ പോലെയെന്ന് ആരോപിച്ചു.
കുന്നത്തൂർമേട് നോർത്ത് വാർഡിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഡി.സി.സി മെമ്പർ കിദർമുഹമ്മദ് , ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ , യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ 50 പ്രവർത്തകർ രാജിവച്ചു. ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി പട്ടികയിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ ഫാറൂഖിനെ നിന്ന് ഒഴിവാക്കിയത് വീട്ടി ബൽറാം ഇടപെട്ടെന്ന് ആക്ഷേപവുമായി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്.
പാലക്കാട് നഗരസഭയിലേക്കുള്ള സ്ഥാനാർഥി നിർണയ തർക്കത്തിലും നേതാക്കൾ രാജി ഭീഷണി മുഴക്കിയിട്ടുണ്ട്. മിക്ക പഞ്ചായത്ത്, മുൻസിപ്പൽ, ബ്ലോക്കുകളിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് സ്ഥാനാർഥികളെ നിർണയിക്കുന്നതിനെ ചൊല്ലിയും കോൺഗ്രസിൽ പലയിടങ്ങളിലായി കടുത്ത പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ചേരിപ്പോര് കോട്ടമുണ്ടാക്കുമെന്ന കടുത്ത ആശങ്കയുമുണ്ട്. നാമ നിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തിയതി രണ്ടു ദിവസത്തിൽ അവസാനിക്കാനിരിക്കേ പരിഹാരത്തിനായി മാരത്തൺ ചർച്ചയിലാണ് നേതാക്കൾ.