പാലക്കാട് ബിജെപിയിൽ കലഹം മുറുകുന്നു. നഗരസഭയിലേക്ക് മത്സരിക്കുന്ന ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസിനെ തോൽപ്പിക്കാൻ കൃഷ്ണകുമാർ പക്ഷം നീക്കം നടത്തുന്നെന്ന് നേതൃത്വത്തിനു പരാതി. കൃഷ്ണദാസ് വിജയിച്ചാൽ നഗരസഭ ചെയർമാൻ ആകാൻ സാധ്യതയുണ്ടെന്നത് കണക്കിലെടുത്താണ് വെട്ടാൻ നീക്കം നടക്കുന്നത്. എല്ലാവരോടും സ്നേഹം മാത്രമെന്നായിരുന്നു കൃഷ്ണദാസിന്‍റെ പ്രതികരണം. നഗരസഭയിലേക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ചതു മുതൽ പാലക്കാട്ടെ ബിജെപിയിൽ തർക്കമാണ്.
കൃഷ്ണകുമാർ പക്ഷം വെട്ടിയ കൃഷ്ണദാസിന്‍റെ പേര് സംസ്ഥാന നേതൃത്വം കൂട്ടിചേർത്തതോടെ മറ്റൊരു തലത്തിൽ എത്തി. കൃഷ്ണദാസ് മത്സരിക്കുന്ന പട്ടിക്കര വാർഡിൽ പരാജയപ്പെടുത്താനുള്ള നീക്കം നടക്കുന്നുവെന്നാണ് നേതൃത്വത്തിനു മുന്നിലെ പുതിയ പരാതി.
കൃഷ്ണദാസ് മത്സരിക്കുന്നതിൽ താൽപര്യമില്ലെന്ന് കാണിച്ചു പട്ടിക്കരയിലെ 117 പേർ ഒപ്പിട്ട പരാതി കഴിഞ്ഞ ദിവസം ആര്‍.എസ്.എസ് നേതൃത്വത്തിനു കൈമാറിയിരുന്നു. പട്ടിക്കര നിവാസികൾ എന്ന പേരിൽ നൽകിയ പരാതിയിൽ സ്ഥാനാർഥിയെ മാറ്റണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഈ നീക്കത്തിനു പിന്നിൽ സി. കൃഷ്ണകുമാറാണെന്നാണ് ആരോപണം. സി. കൃഷ്ണകുമാർ വിരുദ്ധ പക്ഷക്കാരായ കൃഷ്ണദാസിനെയും ജില്ലാ സെക്രട്ടറി സ്മിതേഷിനേയും സ്ഥാനാർഥിയാക്കിയതിൽ നേരത്തെ അമർഷമുണ്ടായിരുന്നു.
വിഷയത്തിൽ ജില്ലാ നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തുടർച്ചയായി ഉണ്ടാകുന്ന കലഹം സംസ്ഥാന നേതൃത്വത്തിനും തലവേദനയുണ്ടാക്കുന്നുണ്ട്. പരിഹാരത്തിനായി ആർ.എസ്.എസും രംഗത്തുണ്ട്.