തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിൽ മുട്ടട വാർഡിലെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ വിമർശനവുമായി ഹൈക്കോടതി. വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടിയെടുക്കണമെന്നും ഇല്ലെങ്കിൽ അസാധാരണ അധികാരം ഉപയോഗിക്കുമെന്നും കോടതി പറഞ്ഞു. പെൺകുട്ടിക്ക് മത്സരിക്കാനുള്ള അവസരം നിഷേധിക്കരുതെന്നും രാഷ്ട്രീയകാരണത്താൽ ഒഴിവാക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു. രാഷ്ട്രീയകാരണത്താൽ ഒഴിവാക്കരുതെന്ന് ഹൈക്കോടതി തിര. കമ്മിഷൻ വീണ്ടും ഹിയറിങ് നടത്തണമെന്നും ബുധനാഴ്ചയ്ക്ക് മുൻപ് ഉത്തരവിറക്കണമെന്നും കോടതി നിർദേശിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായിരുന്നു വൈഷ്ണ. വോട്ടർ പട്ടികയ്ക്കൊപ്പമുള്ള ടി.സി നമ്പർ തെറ്റെന്ന് ആരോപിച്ച് സി.പി.എം നൽകിയ പരാതി അംഗീകരിച്ചാണ് വൈഷ്ണയുടെ വോട്ട് വെട്ടിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വൈഷ്ണ, നടപടി നിയമവിരുദ്ധമെന്ന് പരാതിപ്പെട്ടു. ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ പേരുണ്ടായിരുന്നു. സി.പി.എം പരാതി നൽകിയപ്പോൾ സ്ഥിരതാമസക്കാരിയെന്നതിൻ്റെ രേഖകളെല്ലാം ഹാജരാക്കി. എന്നിട്ടും വോട്ട് ഒഴിവാക്കിയ നടപടിക്ക് പിന്നിൽ ഗൂഢാലോചനയെന്ന സംശയവും ഉന്നയിക്കുന്നുണ്ട്.
സ്ഥാനാർഥി പ്രഖ്യാപനം മുതൽ തന്നെ വാർഡിൽ സജീവമായിരുന്ന സ്ഥാനാർഥിയായിരുന്നു വൈഷ്ണ. ഇപ്പോഴുണ്ടായ സംഭവങ്ങൾ മാനസികമായി തന്നെ തളർത്തിയെന്ന് വൈഷ്ണ പ്രതികരിച്ചിരുന്നു. 'നിലവിൽ പ്രചാരണം നിർത്തിവെച്ചിരിക്കുകയാണ്. മത്സരിക്കാൻ വേണ്ടി ഞാൻ ജോലി രാജിവെച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് നേതൃത്വം പറയുന്നത്. രാഷ്ട്രീയപരമായ പ്രശ്നം തന്നെയാണിത്. മാനസികമായി തളർന്നതിൻ്റെ ബുദ്ധിമുട്ടുണ്ട്. പ്രചരണവുമായി ഒരുപാട് മുന്നോട്ട് പോകുമ്പോൾ ഉണ്ടായ ഈ വിഷയം വ്യക്തിപരമായി ഒരുപാട് ബാധിച്ചു. പാർട്ടിയാണ് ഇനി കാര്യങ്ങൾ തീരുമാനിക്കേണ്ടത്', വൈഷ്ണ പറഞ്ഞു.