വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് വെട്ടിയതോടെ മല്‍സരിക്കാനാവാത്ത അവസ്ഥയിലായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷ് ഹൈക്കോടതിയിലേക്ക്. മുട്ടട വാര്‍ഡില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്ന വൈഷ്ണ നാളെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. വോട്ടര്‍ പട്ടികയിലെ പേരിനൊപ്പമുള്ള ടി.സി നമ്പര്‍ തെറ്റാണെന്നും മറ്റൊരു വ്യക്തിയുടേതാണെന്നും കാണിച്ച് വൈഷ്ണയുടെ വോട്ട് വെട്ടിയിരുന്നു. സി.പി.എം നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ടി.സി നമ്പര്‍ തെറ്റിയത് തന്‍റെ പിഴവല്ലെന്നും വോട്ടര്‍ പട്ടികയിലെ പിശകാണെന്നും മറ്റൊരിടത്തും വോട്ടില്ലാത്ത തന്‍റെ നടപടി കള്ളവോട്ടായി കാണാനാവില്ലെന്നുമാണ് വൈഷ്ണയുടെ വാദം. കലക്ടര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.

Also Read: കോണ്‍ഗ്രസിന്‍റെ ‘വൈറല്‍ സ്ഥാനാര്‍ഥി’ക്ക് മത്സരിക്കാനാവില്ല; വൈഷ്ണയുടെ പേര് നീക്കി

കോർപറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർപട്ടികയിൽ പേര് ഉണ്ടെങ്കിലേ കൗൺസിലിലേക്ക് മത്സരിക്കാൻ കഴിയൂ എന്നതാണ് ചട്ടം. വോട്ടർ പട്ടികയിൽ വൈഷ്ണയുടെ പേര് ഇല്ലെന്ന് ആരോപിച്ചു സിപിഎം പരാതിപ്പെട്ടിരുന്നു. സപ്ലിമെന്ററി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാത്തതിനാൽ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ വൈഷ്ണയ്ക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുമായില്ല. പട്ടിക ആവശ്യപ്പെട്ടുള്ള വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിങിനുശേഷമാണ് തീരുമാനമെടുത്തത്.

വൈഷ്ണയുടെ വോട്ടർപട്ടിക അപേക്ഷയിൽ കെട്ടിടത്തിന്റെ ടിസി നമ്പർ 18/ 564 എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.

എന്നാൽ, താൻ താമസിക്കുന്ന വീടിന്റെ നമ്പർ ടിസി 18/ 2365 ആണെന്നും വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർന്നിരിക്കുന്ന നമ്പരിലാണ് അപേക്ഷ സമർപ്പിച്ചതെന്നും വൈഷ്ണ പറഞ്ഞു. ഇതുസംബന്ധിച്ച് കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെൽ ആവശ്യപ്പെട്ട രേഖകൾ കൈമാറി. അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേൽവിലാസമാണ് എല്ലാ രേഖകളിലുമുള്ളത്. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ നമ്പറും ഇതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ വിലാസത്തിലെ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്തിരുന്നു.

വീട്ടുനമ്പർ മാറി രേഖപ്പെടുത്തിയതിനാൽ യഥാർഥ നമ്പർ 18/2365 ആണെന്നുള്ള സത്യവാങ്മൂലം കോർപറേഷനിലെ തിരഞ്ഞെടുപ്പ് സെല്ലിലെ ഉദ്യോഗസ്ഥർ കൈപ്പറ്റിയില്ലെന്നും സ്പീഡ് പോസ്റ്റ് വഴി അപേക്ഷ സെല്ലിലേക്ക് അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പരാതിയുന്നയിച്ചു. നിലവിൽ കേശവദാസപുരം കൗൺസിലറായ അംശു വാമദേവൻ ആണ് മുട്ടടയിലെ എൽഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസ് സ്ഥാനാർഥിയാണ് എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത്. വൈഷ്ണയുടെ പേര് പട്ടികയിൽനിന്ന് മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോൺഗ്രസ് ആരോപണം.

ENGLISH SUMMARY:

Voter list dispute leads to High Court appeal. A UDF candidate from Thiruvananthapuram, whose name was removed from the voter list, is appealing to the High Court after allegations of a voter list error jeopardized her candidacy.