ബിനോയ് വിശ്വം, വി.ശിവന്‍കുട്ടി
പിഎം ശ്രീയിലെ വി.ശിവന്‍കുട്ടി – ബിനോയ് വിശ്വം ഏറ്റുമുട്ടല്‍ കോംപ്രമൈസാക്കി സിപിഎം. ഇരുവരും പരസ്പരം ഏറ്റുമുട്ടല്‍ നടത്തേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇരുവരും ഏറ്റുമുട്ടലില്‍ നിന്ന് പിന്‍മാറുമെന്നും ഗോവിന്ദന്‍ വ്യക്തമാക്കി
പി.എം.ശ്രീ തല്‍ക്കാലം നിറുത്തിവെക്കുകയാണെന്ന കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയായിരുന്നു വിദ്യാഭ്യാസ മന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയും കൊമ്പ് കോര്‍ത്തത്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ഏറ്റുമുട്ടല്‍ ഗുണകരമാവില്ലെന്ന് കണ്ടാണ് സിപിഎം സംസ്ഥാന നേതൃത്വം തന്നെ ഇടപെട്ട് തമ്മില്‍ പോര് വിലക്കിയത്.
പി.എം. ശ്രീ വിഷയത്തില്‍ സിപിഐ നിലപാടിനെ വിമര്‍ശിച്ച് മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പദ്ധതി മരവിപ്പിച്ച് കത്ത് കൊടുത്തതിനാല്‍ എസ്.എസ്.കെ ഫണ്ടിനത്തില്‍ ബാക്കി കിട്ടേണ്ട 1,157 കോടി കിട്ടുമോയെന്ന് ആശങ്കയുണ്ട്. കിട്ടിയില്ലെങ്കില്‍ തനിക്ക് ഉത്തരവാദിത്തമില്ല, ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുക്കണം. ആര്‍എസ്എസിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് വരുത്താനാണ് ചിലരുടെ ശ്രമമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.
പി.എം ശ്രീ വിഷയത്തില്‍ സിപിഐക്കെതിരായ മന്ത്രി ശിവന്‍കുട്ടിയുടെ പരാമര്‍ശം എന്ത് പ്രകോപനംകൊണ്ടെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ മറുചോദ്യം. തിരികെ പ്രകോപിതനാകാനില്ല. അതിനുള്ള രാഷ്ട്രീയബോധം സി.പി.ഐയ്ക്കുണ്ട്. ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ഞാന്‍ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ ഉയര്‍ത്തിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടിവന്നതിലെ അതൃപ്തി സിപിഎമ്മിനുണ്ടെങ്കിലും തല്ക്കാലം എല്ലാം അവസാനിപ്പിക്കുകയാണ്.