ആലപ്പുഴയിൽ പി.കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയായതിനെ തുടർന്ന് പാർട്ടി പുറത്താക്കിയ വി.എസ്.അച്യുതാനന്ദന്‍റെ മുൻ പഴ്സണൽ സ്റ്റാഫ് അംഗമായ ലതീഷ് ബി.ചന്ദ്രനെ സിപിഎമ്മിൽ തിരിച്ചെടുത്തു. മുഹമ്മ എസ്എന്‍വി ബ്രാഞ്ച് അംഗമായാണ് പ്രവർത്തിക്കുക. മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവരാണ് മുൻകൈയെടുത്ത് ലതീഷിനെ പാർട്ടി അംഗത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
സിപിഎമ്മിൽ പിണറായി വി.എസ് പക്ഷങ്ങൾ പരസ്പരം പോരടിച്ചിരുന്ന കാലത്ത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു പി.കൃഷ്ണപിള്ള സ്മാരകം തകർത്തത്. 2013 ഒക്ടോബർ 31 ന് പുലർച്ചയാണ് പി.കൃഷ്ണപിള്ള മരിച്ച കണ്ണർകാട്ടെ വീടിനു മുന്നിലെ സ്മാരക സ്തൂപം തകർത്തത്. ലതീഷ് ബി.ചന്ദ്രൻ, അന്നത്തെ കണ്ണർകാട് ലോക്കൽ സെക്രട്ടറി സാബു എന്നിവർ അടക്കം അഞ്ച് സി.പി.എം പ്രവർത്തകരായിരുന്നു പ്രതികൾ. ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫ് അംഗവും കേരള സർവകലാശാല യൂണിയൻ മുൻ ജന. സെക്രട്ടറിയും എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഇപ്പോൾ അഭിഭാഷകനായ ലതീഷ് ചന്ദ്രൻ.
ക്രൈം ബ്രാഞ്ചിന്‍റെ പ്രത്യേക സംഘമായിരുന്നു അന്വേഷണം നടത്തിയത്. സി.പി.എമ്മിലെ ഗ്രൂപ്പിസമാണ് സ്മാരകം തകർത്തതിന് കാരണമായത് എന്നായിരുന്നു കണ്ടെത്തൽ. കൃഷ്ണപിള്ള സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലാത്തവരാണ് ഔദ്യോഗിക പക്ഷം എന്ന് വരുത്തി തീർക്കാനാണ് സ്മാരകം തകർത്തത് എന്നായിരുന്നു കോടത്രിയിൽ പ്രോസിക്യൂഷൻ വാദിച്ചത്. എന്നാല്‍ ദൃക്സാക്ഷികളും വേണ്ടത്ര തെളിവും ഇല്ലാത്തതിനാൽ 2020 ജൂലൈയിൽ പ്രതികള കോടതി വെറുതെ വിട്ടു.
തങ്ങളല്ല സ്മാരകം തകർത്തതെന്ന് കേസിൽ പ്രതിയാക്കപ്പെട്ടതു മുതൽ ലതീഷ് അടക്കമുള്ളവർ ആവർത്തിച്ച് പറഞ്ഞെങ്കിലും പാർട്ടിയിലേക്ക് ഇവരെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ പ്രതിയായിരുന്ന മുൻ ലോക്കൽ സെക്രട്ടറി സാബുവിനെ തിരികെയെടുത്തു. മന്ത്രി സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ എന്നിവർ മുൻകൈയെടുത്താണ് ലതീഷിന്‍റെ പാർട്ടി അംഗത്വം പുനസ്ഥാപിച്ചത്. മുഹമ്മ എസ്എൻവി ബ്രാഞ്ചിലാണ് ലതീഷ് പ്രവർത്തിക്കുക.
മുഹമ്മ പഞ്ചായത്തംഗമായിരിക്കെ ലഭിച്ച അലവൻസും വി.എസിന്‍റെ പഴ്സനൽ സ്റ്റാഫ് അംഗമെന്ന നിലയിൽ ലഭിക്കുന്ന പെൻഷൻ തുകയും ചേർത്ത് മുഹമ്മയിൽ നിർധനർക്കായി വിഎസ്സിന്‍റെ പേരിൽ ജനകീയ ലാബ് ലതീഷ് തുടങ്ങിയിരുന്നു.