rahul-friends

TOPICS COVERED

കണ്ണാടിയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന കോൺഗ്രസ് യോഗത്തിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ലൈംഗികാരോപണത്തിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, താൻ കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തിട്ടില്ലെന്നും പരിചയമുള്ള ആളുകളെ കാണുക മാത്രമാണ് ചെയ്തതെന്നുമാണ് രാഹുലിന്റെ പ്രതികരണം.

'സസ്പെൻഷനിലായിക്കഴിഞ്ഞാൽ ഞാൻ വേറെ പാർട്ടിയാണോ? യോഗം നടന്നാലല്ലേ മറുപടി പറയാൻ പറ്റൂ. നടക്കാത്ത യോഗത്തെപ്പറ്റി എങ്ങനെ മറുപടി പറയാൻ സാധിക്കും. യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ പങ്കെടുത്തു എന്ന് പറയും. കൈ ചിഹ്നത്തിൽ ജയിച്ച എംഎൽഎയാണ്. ഐക്യജനാധിപത്യ മുന്നണിയുടെ എല്ലാ സ്ഥാനാർഥികളും ജയിക്കണമെന്ന് താത്പര്യമുള്ളയാളാണ്. അതിനുവേണ്ടി എന്നെക്കൊണ്ട് കഴിയുന്ന എല്ലാ പ്രവർത്തനങ്ങളും നടത്തും. പാലക്കാട് എന്നല്ല, ഏത് സ്ഥലത്തുവെച്ചും നല്ല യുഡിഎഫുകാരെ കണ്ടാൽ എന്തായി തിരഞ്ഞെടുപ്പ് എന്ന് ചോദിക്കും', രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സ്ഥാനാർഥികളെ ജയിപ്പിക്കാൻ തനിക്ക് ചെയ്യാൻ പറ്റുന്ന മുഴുവൻ കാര്യങ്ങളും താൻ ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.

സസ്പെൻഷനിലുള്ള രാഹുൽ പാർട്ടി യോഗങ്ങളിൽനിന്ന് മാറിനിൽക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. ഇതുവരെ രാഹുലിന്റെ സസ്പെൻഷൻ കോൺഗ്രസ് പിൻവലിച്ചിട്ടില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുൽ പങ്കെടുത്തതായുള്ള വാർത്ത പുറത്തുവന്നത്.

ENGLISH SUMMARY:

Rahul Mamkootathil attends Congress meeting despite suspension. He claims he was only meeting acquaintances and remains committed to UDF candidates and their victory in the upcoming local body elections.