TOPICS COVERED

ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആര്‍ഷോയെ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ. കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും പ്രശാന്ത് ശിവന്‍ കാണിച്ചത് തനി ഗുണ്ടായിസമാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഘപരിവാര്‍ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്. പ്രശാന്ത് ശിവന്‍റെ പെരുമാറ്റത്തിലൂടെ ആര്‍എസ്എസിന് കൂടുതല്‍ സ്വാധീനം ഉണ്ടായാല്‍ സംഭവിക്കാവുന്ന അപകടത്തിന്‍റെ സൂചനയാണ് കാണിക്കുന്നതെന്നും ഡിവൈഎഫ്‌ഐ കുറിപ്പില്‍ പറഞ്ഞു.

കുറിപ്പ്

മനോരമ ചാനൽ പാലക്കാട് നടത്തിയ വോട്ട് കവല പരിപാടിയിൽ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്ന ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണ്. സംഘപരിവാർ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്.

പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട സംഘപരിവാർ നേതൃത്വം നൽകുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികൾ ചർച്ച ചെയ്യവെ വെല്ലുവിളികളും ആക്ഷേപങ്ങളും ഉയർത്തി ഒരു ചർച്ചയിൽ കാണിക്കേണ്ട സാമാന്യമായ മര്യാദ പോലും കാണിക്കാതെ ഗുണ്ടായിസം കാണിക്കുകയാണ് പ്രശാന്ത് ശിവൻ ചെയ്തത്.പ്രശാന്ത് ശിവൻ്റെ പെരുമാറ്റത്തിലൂടെ ആർഎസ്എസിന് കൂടുതൽ സ്വാധീനം ഉണ്ടായാൽ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് കാണിക്കുന്നത്.

അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വർഗീയ ശക്തികൾക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാർ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. പി എം ആർഷോക്കെതിരെയുള്ള പ്രശാന്ത് ശിവൻ നടത്തിയ കയ്യേറ്റത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ENGLISH SUMMARY:

DYFI protests the assault on PM Arsho by BJP Palakkad President Prasanth Sivan. This incident reflects the anti-democratic and intolerant nature of the Sangh Parivar, and such actions will be resisted by uniting the people.