അവശ്യ സര്‍വീസെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്കെത്തുന്ന ചിലതുണ്ട്. ആശുപത്രി, പാല്‍, പത്രം തുടങ്ങി ഹര്‍ത്താല്‍ ദിനത്തിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും ഇളവ് നല്‍കുന്ന വിഭാഗം. തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത്തവണ മറ്റൊരു കൂട്ടരെക്കൂടി അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാരിനും ഒരുവിഭാഗം ഉപഭോക്താക്കള്‍ക്കും ഏറെ ആവശ്യമുള്ള അനിവാര്യ സര്‍വീസ്.
ആഘോഷങ്ങള്‍ക്ക് അവധി നല്‍കാനാവില്ലല്ലോ. പ്രത്യേകിച്ച് മലയാളിക്ക്. അങ്ങനെയാകുമ്പോള്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും വോട്ടെടുപ്പും വോട്ടെണ്ണല്‍ ദിവസങ്ങളുമെല്ലാം ആഘോഷത്തിന്‍റെ നാളുകളാണ്. മാറ്റ് കൂട്ടാന്‍ എന്തൊക്കെ ചേരുവയുണ്ടെങ്കിലും ഇതൊരണ്ണമില്ലാതെ ഏങ്ങനെ പിടിച്ച് നില്‍ക്കാനാവും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ബവ്കോ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കുന്ന പതിവുണ്ട്. അതുവരെ അടച്ചിട്ടിരിക്കുന്നിടത്തേക്ക് മദ്യം വാങ്ങാനെത്തുന്നവരുടെ ഒഴുക്കായിരിക്കും. ഒരു മിനിറ്റിന് പോലും ഏറെ മൂല്യമുള്ള സാഹചര്യം. ബവ്കോ തുറക്കേണ്ട ജീവനക്കാരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ചാല്‍ കടതുറക്കല്‍ അത്യാവശ്യത്തിന് ചിലപ്പോള്‍ നീളമുണ്ടായേക്കാം. അത്യാവശ്യക്കാരന് ദാഹജലം കിട്ടാത്ത സ്ഥിതി വരും. അങ്ങനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചു ബവ്കോ വില്‍പന കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നവരെ തിരഞ്ഞെടുപ്പ് ജോലിയില്‍ നിന്നും ഒഴിവാക്കാം. അവശ്യ സര്‍വീസ് പട്ടികയില്‍ ഉള്‍പ്പെടുത്താം. ഫലത്തില്‍ ഒരുമിനിറ്റ് പോലും വൈകാതെ തിരഞ്ഞെടുപ്പ് ആവേശം കഴിയുന്ന മുറയ്ക്ക് തൊണ്ട നനയ്ക്കാനുള്ള സാധനം കിട്ടും.
ബവ്കോ ഓഫിസ് ജീവനക്കാര്‍ക്കും വെയര്‍ഹൗസ് ജീവനക്കാര്‍ക്കും അവശ്യ സര്‍വീസ് പട്ടികയില്‍ ഇടംകിട്ടിയിട്ടില്ല. സര്‍ക്കാരിന്‍റെ പരിഗണനയില്‍ ബവ്കോ ജീവനക്കാരെയും ഉള്‍പ്പെടുത്തിയതിലുള്ള ചര്‍ച്ച തുടരുമ്പോഴും പലര്‍ക്കും സംശയം. മദ്യലഭ്യതും മദ്യവിതരണവും അത്രയേറെ അവശ്യവസ്തുവാണോ. ധനസ്ഥിതി പരിശോധിക്കുമ്പോള്‍ അതെ അതെയെന്നാവും ബവ്കോയുടെ മറുപടി.