കണ്ണൂർ കോർപ്പറേഷനിലെ യുഡിഎഫിൽ കല്ലുകടിയായി സീറ്റ് വിഭജനം. തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ മുസ്ലിം ലീഗ് ആവശ്യപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. എന്നാൽ സീറ്റ് അധികം നൽകാൻ കഴിയില്ലെന്നാണ് കോൺഗ്രസ് നിലപാട്.
കണ്ണൂർ കോർപ്പറേഷനിലെ നിലവിലെ യുഡിഎഫ് അംഗങ്ങൾ 34. ഇതിൽ കോൺഗ്രസ് 20, മുസ്ലിം ലീഗ് 14. 18 സീറ്റുകളിലാണ് ലീഗ് കഴിഞ്ഞ തവണ മത്സരിച്ചത്. മേയർ സ്ഥാനത്ത് മൂന്നുവർഷം കോൺഗ്രസും, രണ്ടുവർഷം ലീഗും എന്നതായിരുന്നു ഇതുവരെയുള്ള ധാരണ. പുതിയ തിരഞ്ഞെടുപ്പ് എത്തുമ്പോൾ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കുറി 4 സീറ്റുകൾ കൂടുതൽ വേണമെന്നാണ് മുസ്ലിം ലീഗിൻറെ ആവശ്യം. ആവശ്യം അംഗീകരിക്കപ്പെടും എന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ലീഗ് ജില്ലാ നേതൃത്വം പറയുന്നത്
ലീഗിൻറെ അധിക സീറ്റ് മോഹത്തിന് കോൺഗ്രസ് നിലപാട് തിരിച്ചടിയാണ്. ഇതുവരെ പാലിച്ചു പോന്ന ഫോർമുല തുടർന്നാൽ മതി എന്നാണ് കോൺഗ്രസിനുള്ളിലെ തീരുമാനം. ആദ്യഘട്ട സീറ്റ് വിഭജന ചർച്ചയിൽ ലീഗിനോട് കൂടുതൽ സീറ്റ് നൽകില്ലെന്ന് നേതാക്കൾ പറഞ്ഞിട്ടുണ്ട്. എന്നാൽ, ആവശ്യത്തിൽ നിന്ന് ലീഗ് പിന്നോട്ട് പോകില്ല. നേരത്തെ കോൺഗ്രസിന് വിട്ടു നൽകിയ വെത്തിലപ്പള്ളി , വാരം എന്നീ സീറ്റുകളാണ് ലീഗ് തിരിച്ചു ചോദിക്കുന്നത്. അതേസമയം , നിലവിൽ എൽഡിഎഫിൻ്റെ കൈയിലുള്ള തെക്കി ബസാർ, ആദികടലായി വാർഡുകളിലും ലീഗിന്റെ കണ്ണുണ്ട്. കോൺഗ്രസ് തോറ്റ രണ്ടു വാർഡിലും ലീഗ് സ്ഥാനാർത്ഥി വന്നാൽ ജയ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ലീഗിന് കൂടുതൽ സീറ്റുകളിൽ നൽകേണ്ടി വന്നാൽ മേയർ സ്ഥാനം പങ്കിടില്ല എന്ന നിലപാടാകും കോൺഗ്രസ് സ്വീകരിക്കുക.