സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കൊപ്പം വേദി പങ്കിട്ടതില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി വേദിയിലെത്തിയതിന്‍റെ ആശങ്ക മനസിലാക്കുന്നുവെന്നും  ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ലെന്നും അദ്ദേഹം തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിൻ്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു. ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ  ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകുമെന്നും മന്ത്രി തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിഷയത്തെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെയാണ് കാണുന്നത്‌. ലൈംഗികാരോപണം നേരിടുന്ന ഒരു വ്യക്തി, കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ വലിയൊരു സമൂഹം പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയുടെ, പ്രത്യേകിച്ച് ശാസ്ത്രരംഗത്തെ വിദ്യാർത്ഥികളുടെ മുന്നേറ്റം ലക്ഷ്യമിടുന്ന ഒരു പരിപാടിയുടെ, വേദിയിൽ എത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസ്സിലാക്കുന്നു. ഇത്തരം വിവാദങ്ങൾക്ക് ഇടവരുത്തുന്നത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതമായ ലക്ഷ്യങ്ങൾക്ക് യോജിച്ചതല്ല.

ഒരു ജനപ്രതിനിധിയെ നിയമപരമായി വേദിയിൽ നിന്ന് മാറ്റി നിർത്താൻ കഴിയില്ലെങ്കിലും, പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുമ്പോൾ പാലിക്കേണ്ട ധാർമികമായ ഉത്തരവാദിത്തവും മാന്യതയും ഓരോ വ്യക്തിയും സ്വയം പാലിക്കേണ്ടതുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ നിലവിൽ അന്വേഷണത്തിലാണ്. നിയമം അതിൻ്റെ വഴിക്ക് മുന്നോട്ട് പോകട്ടെ. എന്നാൽ, പൊതുസമൂഹത്തിൽ, പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ, ആരോപണ വിധേയരായ വ്യക്തികൾ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതമായ നിലപാടെന്ന് ഈ സർക്കാർ വിശ്വസിക്കുന്നു.

ഭാവിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ, വിദ്യാർത്ഥികളുടെയും പൊതുസമൂഹത്തിന്റെയും ആത്മവിശ്വാസത്തെയും ധാർമിക ചിന്തകളെയും പ്രതികൂലമായി ബാധിക്കുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനുള്ള നിർദേശം നൽകും. പൊതുവിദ്യാഭ്യാസ മേഖലയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ ഈ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമായിരിക്കും.

ENGLISH SUMMARY:

Kerala School Science Fair controversy involved MLA Rahul Mamkootathil. Education Minister V. Sivankutty addressed concerns about his presence at the event amidst ongoing sexual allegations and emphasized the importance of maintaining ethical standards in public education programs.