തദ്ദേശ തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർഥികൾ രംഗത്തിറങ്ങിയതോടെ അച്ചടിശാലകളിലും തിരക്കായി. പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപെടുത്തി കുറഞ്ഞ സമയം കൊണ്ട് പോസ്റ്ററുകൾ അച്ചടിച്ച് നൽകി മൽസരിക്കുകയാണ് പ്രിന്റിങ് പ്രസുകളും
കോവിഡ് പ്രതിസന്ധിക്ക് ശേഷം പച്ചപിടിച്ച പ്രിന്‍റിങ് പ്രസ് മേഖലയ്ക്ക് വലിയൊരു ഉൽസവം പോലെയാണ് തിരഞ്ഞെടുപ്പും. പേപ്പറുകളും മഷിയും പ്ളേറ്റുകളുമൊക്കെ നേരത്തെ ശേഖരിച്ച് അച്ചടിശാലളെല്ലാം തിരഞ്ഞെടുപ്പ് ജോലിയിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നില്ലെങ്കിലും സ്ഥാനാർഥികളുടെ പോസ്റ്റർ അച്ചടി തുടങ്ങിയെന്നാണ് കോട്ടയം ചുങ്കം റോഡിലെ എഫാത്ത പ്രസിലുള്ളവർ പറയുന്നത്.
അച്ചടിയുടെ അസംസ്കൃത വസ്തുക്കൾക്ക് വില കൂടുതലാണെങ്കിലും പ്രിന്‍റിങ് നിരക്കിൽ വർധന ഉണ്ടായിട്ടില്ല. ഓരോ വാർഡുകളിലും കുറഞ്ഞത് മൂന്നു സ്ഥാനാർഥികൾ വീതം മത്സരിക്കുമ്പോൾ പ്രാദേശികമായി പ്രിന്‍റിങ് പ്രസുകളെല്ലാം നല്ല തിരക്കിലുമാണ്.