സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവനന്തപുരം കോര്‍പറേഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. കെ.മുരളീധരന്‍ നയിക്കുന്ന ജനകീയ വിചാരണ യാത്രയുടെ ആരംഭത്തോടെയാണ് പ്രചാരണം തുടങ്ങിയത്. കോര്‍പറേഷനിലെ 101 വാര്‍ഡുകളിലൂടെ യാത്ര സഞ്ചരിക്കും.
എല്‍.ഡി.എഫിനെയും ബിജെപിയെയും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടത്തിവെട്ടിയ കോണ്‍ഗ്രസ് പ്രചാരണത്തിലും മേല്‍കൈ നേടാനുള്ള ശ്രമത്തിലാണ്. അതിന്‍റെ ഭാഗമായാണ് കെ മുരളീധരന്‍ നയിക്കുന്ന 10 ദിവസം നീണ്ടു നില്‍ക്കുന്ന ജനകീയ വിചാരണ യാത്ര. തിരുമല ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ജാഥയുടെ ഫ്ലാഗ് ഓഫ് നിര്‍വ്വഹിച്ചത്. തിരുവനന്തപുരം നഗരത്തെ നരകമാക്കി മാറ്റിയ ഇടത് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ശബരിനാഥനെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ പരിഹസിച്ച മന്ത്രി വി ശിവന്‍കുട്ടിക്കുള്ള മറുപടിയും അദ്ദേഹം നല്‍കി.
ബിജെപി കൗണ്‍സിലറായ തിരുമല അനിലിന്‍റെ ആത്മഹത്യ തിരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുമല ജംക്ഷന്‍ ജാഥ തുടങ്ങുന്നതിന് തെരഞ്ഞെടുത്തത്. കോര്‍പറേഷനിലെ 101 വാര്‍ഡുകളിലൂടെയും കടന്ന് പോകുന്ന യാത്ര12ന് സമാപിക്കും. കോര്‍പറേഷനിലെയും സംസ്ഥാനത്തെയും ഇടത് ഭരണത്തിനെതിരെ ജനവികാരം ഉയര്‍ത്തുന്നതിനൊപ്പം, ജനങ്ങളില്‍ നിന്ന് അഭിപ്രായം സ്വരൂപിച്ച് തിരുവനന്തപുരം നഗരത്തിന്‍റെ വികസന നയ രേഖ തയ്യാറാക്കലും ജാഥയുടെ ലക്ഷ്യമാണ്.