ആത്മകഥയില്‍ തനിക്ക് എല്ലാം പറയാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍. ഒരു പുസ്തകം കൂടി എഴുതണമെന്നുണ്ട് . ഒരുപാട് തെറ്റിദ്ധാരണകളും വ്യക്തിഹത്യകളും നേരിട്ടു. ഡിസി ബുക്സ് വരെ ആസൂത്രണത്തിന്‍റെ ഭാഗമായെന്നും ഇതിനെക്കുറിച്ചെല്ലാം ആത്മകഥയില്‍ വിവരിച്ചിട്ടുണ്ടെന്നും ഇ.പി. ജയരാജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
തനിക്കെതിരെ നടന്ന വ്യക്തിഹത്യയുടെയും തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് പുസ്തകരചനയെന്ന് ജയരാജൻ പറയുന്നു. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയും, ഡിസി ബുക്സുമായി ബന്ധപ്പെട്ട് തന്‍റേതല്ലാത്ത പേരില്‍ പേരിൽ ആത്മകഥ പ്രചരിച്ചതും ഉൾപ്പെടെയുള്ള വിവാദങ്ങൾക്ക് പുസ്തകം മറുപടി നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് താൻ പുസ്തകം എഴുതിയതെന്നും തന്‍റെ ജീവിതം അഴിമതിരഹിതവും സംശുദ്ധവുമാണെന്നും ഇപി കൂട്ടിച്ചേർത്തു.
ജയരാജന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. ഇതാണെന്‍റെ ജീവിതം എന്ന് പേരിട്ട ആത്മകഥ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്യുക. സമീപകാലത്ത് വിവാദങ്ങളിലൂടെ സഞ്ചരിച്ച ഇ.പിയുടെ എഴുത്തിലെന്തുണ്ടെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.
ചെങ്കൊടിയേന്തി നടന്ന ബാല്യവും ആ കൊടിയുടെ തണലിൽ നടത്തിയ മുന്നേറ്റവും ആത്മകഥ പറയും. ഈ കലയളവില്‍ ക്രൂരമായ പൊലീസ് വേട്ട നേരിട്ടു. ഇന്നും അതിന്‍റെ വേദന ഇപി പേറുന്നുണ്ട്. സംഭവ ബഹുലമായ രാഷ്ട്രീയ യാത്രയിൽ സി പി എമ്മിന്‍റെ ജില്ലാ സെക്രട്ടറി, വ്യവസായ- കായിക വകുപ്പ് മന്ത്രി, എല്‍ഡിഎഫ് കൺവീനർ തുടങ്ങി കേന്ദ്ര കമ്മിറ്റി അംഗം വരെയുള്ള ഇപിയുടെ ജീവിത യാത്രയെ തൊട്ടറിയുന്നതാകും ആത്മകഥ. 11 മാസം മുമ്പ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ദിവസമാണ് 'കട്ടൻ ചായയും പരിപ്പുവടയും , ഒരു കമ്മ്യൂണിസ്റ്റിന്‍റെ ജീവിതം ' എന്ന പേരിൽ ഒരു ആത്മകഥയുടെ ഭാഗങ്ങൾ പുറത്തിറങ്ങിയത്. ഇപി ജയരാജന്‍റെ പേരു വെച്ചുള്ള ആത്മകഥ ഡി.സി ബുക്സിൽ നിന്നാണ് ചോർന്നത്.
ഉപതിരഞെടുപ്പ് ദിവസം പുറത്തുവന്ന പതിപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥി പി സരിനെതിരെയുള്ള ഭാഗങ്ങൾ ഇ.പി യെയും സിപിഎമ്മിനെയും പിടിച്ചുകുലുക്കുന്നതായിരുന്നു. ഈ ആത്മകഥ എന്‍റെയല്ലെന്ന് നൂറുവട്ടം പറഞ്ഞെങ്കിലും വിവാദം ഇപിയെ വിടാതെ പിന്തുടർന്നു. തുടര്‍ന്ന് ഡിസി ബുക്സിനെതിരെ നിയമപോരാട്ടം ആരംഭിച്ചു. ആത്മകഥ മാതൃഭൂമി ബുക്സിന് നല്‍കുകയും ചെയ്തു.
പുറത്തിറങ്ങുന്ന ആത്മകഥയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടെന്നോ ഇല്ലെന്നോ ഇ.പി ജയരാജൻ പറയുന്നില്ല. പുസ്തകം സി പി എം പരിശോധിച്ച ശേഷമാണ് പുറത്തിറക്കുന്നത്. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം, മന്ത്രി പദവി, എല്‍ഡിഎഫ് കൺവീനർ സ്ഥാനങ്ങളിൽ നിന്നുള്ള പടിയിറക്കം, റിസോർട്ട് വിവാദം , സിപിഎം പരിപാടികളിൽ നിന്ന് വിട്ടു നിന്ന സാഹചര്യങ്ങൾ തുടങ്ങി സമീപകാല വിവാദങ്ങൾ പുസ്തകത്തിലുണ്ടോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.