TOPICS COVERED

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ ബോംബ് പൊട്ടി മരിച്ച ഷെറിൻ രക്തസാക്ഷിയെന്ന് ഡിവൈഎഫ്ഐ പ്രമേയം. കണ്ണൂർ കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ് ഷെറിനെ രക്തസാക്ഷിയായി അനുശോചിച്ചത്.  2024 ഏപ്രിൽ 5നായിരുന്നു പാനൂർ മുളിയാത്തോട് ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം ഉണ്ടാവുകയും ഷെറിൻ കൊല്ലപ്പെടുകയും ചെയ്തത്. ഷെറിൻ ഉൾപ്പെടെ 15 ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു പ്രതികൾ. ഷെറിനെ ഉൾപ്പെടെ സിപിഎം തള്ളിപ്പറഞ്ഞിരുന്നു.

വീടിന്റെ ടെറസിന് മുകളില്‍ വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് ബോംബ് പൊട്ടുകയും ഷെറിന്‍ കൊല്ലപ്പെടുകയും ചെയ്തത്. ബോംബ് നിര്‍മാണത്തിലേര്‍പ്പെട്ടവര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ അന്നുതന്നെ സിപിഎം തള്ളി പറഞ്ഞിരുന്നു. മരണസമയത്ത് ഷെറിന്‍റെ വീട്ടിലേക്ക് പ്രാദേശിക സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് വിവാദമായപ്പോള്‍ മരണവീട്ടില്‍ പോയതാണെന്നാണ് സിപിഎം ന്യായീകരിച്ചത്. 

ഇത് ആദ്യമായില്ല ബോംബ് സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരെ സിപിഎം രക്തസാക്ഷിയാക്കുന്നത്. പാനൂര്‍ ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട രണ്ട് പ്രവർത്തകര്‍ക്ക് സിപിഎം കഴിഞ്ഞ വര്‍ഷം രക്തസാക്ഷി സ്മാരകം പണിതിരുന്നു. ഷൈജു, സുബീഷ് എന്നീ പ്രവർത്തകര്‍ക്ക് വേണ്ടിയാണ് സിപിഎം സ്മാരകം ഉണ്ടാക്കിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയായിരുന്നു ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചത്. എന്നാല്‍ സംഭവം വിവാദമായതിന് പിന്നാലെ എം.വി ഗോവിന്ദന്‍ പിന്മാറുകയും അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

The DYFI resolution declaring Sherin a martyr in the Panoor bomb blast case has stirred controversy. This incident involves a bomb explosion during construction that resulted in Sherin's death and has raised concerns about political violence in Kerala.