കോൺഗ്രസിൽ അനൈക്യമുണ്ടാക്കുന്നത് നേതാക്കളെന്ന് തുറന്നടിച്ച് കെ.സുധാകരൻ. കേരളത്തിലെ പുനഃസംഘടനയും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ച ചെയ്യാൻ ഡൽഹി ഇന്ദിരാ ഭവനിൽ നേതൃയോഗം ചേര്‍ന്നു. സുധാകരന്‍റെ തുറന്നുപറച്ചിൽ യോഗത്തിൽ കല്ല് കടിയായി.
കേരളത്തിൽ 100 ശതമാനവും വിജയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാർഥി ഉണ്ടാകുമോ എന്ന ചോദ്യത്തിന് മാധ്യമങ്ങൾ ആരെയെങ്കിലും നിർദേശിച്ചാൽ ചർച്ച ചെയ്യാമെന്നായിരുന്നു ഖർഗെയുടെ മറുപടി. അതേസമയം, സുധാകരൻ ഉന്നയിച്ച വിഷയങ്ങൾ മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.
കേരളത്തിൽ നവംബർ ഒന്നുമുതൽ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് ആരംഭിക്കും. തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കുമ്പോഴും കോൺഗ്രസ് സംസ്ഥാന നേതാക്കൾക്കിടയിൽ ആശയവിനിമയമില്ല എന്ന ആക്ഷേപം നിലനിൽക്കുകയാണ്. യൂത്ത് കോൺഗ്രസ് പുന:സംഘടനുണ്ടാക്കിയ പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങളും അവസാനിച്ചിട്ടില്ല.
കെ.സി.വേണുഗോപാലിനെ ഉന്നമിട്ട് വി.ഡി.സതീശൻ നടത്തിയ പരാമർശങ്ങളും യൂത്ത് കോൺഗ്രസ് പുനസംഘടനയിൽ രമേശ് ചെന്നിത്തലയ്ക്കുള്ള അതൃപ്തിയുമെല്ലാം പുകഞ്ഞു നിൽക്കുമ്പോഴാണ് ഡൽഹി യോഗം ചേർന്നത്. ഖർഗെയും രാഹുൽ ഗാന്ധിയും കേരളത്തിലെ നേതാക്കളിൽനിന്ന് ഒറ്റയ്ക്ക് ഒറ്റയ്ക്ക് വിവരങ്ങൾ തേടി. ഉച്ചയ്ക്കുശേഷം ഒരുമിച്ചുള്ള യോഗത്തിലും വിമർശനം ഉയർന്നുവെന്നാണ് വിവരം.