മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനുള്ള ഇ ഡി നോട്ടീസിൽ പിണറായി വിജയന്റെ മറുപടി വിചിത്രമെന്ന് മാത്യു കുഴൽ നാടൻ എം.എൽ.എ. മകന് നോട്ടീസ് അയച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഇല്ലെങ്കിൽ മാധ്യമങ്ങൾക്കെതിരെ മാനനഷ്ട കേസ് കൊടുക്കണം. ക്ലിഫ് ഹൗസിലെ മുറികളുടെ എണ്ണം അല്ല കേരളത്തിന് അറിയേണ്ടത്. അരിയെത്ര എന്ന് ചോദിച്ചാൽ പയറഞ്ഞാഴി എന്നല്ല മറുപടി വേണ്ടതെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു
Also Read: ഒരു ദുഷ്പേരും മക്കള്‍ ഉണ്ടാക്കിയില്ല, അതില്‍ അഭിമാനം;സമന്‍സ് കണ്ടിട്ടില്ല: പിണറായി
മകന് ഇഡി സമന്‍സ് അയച്ചത് ഏത് കേസിലെന്ന് മുഖ്യമന്ത്രി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. വൈകാരികമായി എന്തെങ്കിലും പറഞ്ഞിട്ട് കാര്യമില്ലെന്നും ആരാണ് ഇതില്‍ ഇടപെട്ടതെന്ന് വ്യക്തമാക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു . മകന്‍ വിവേക് കിരണിന് സമന്‍സ് ലഭിച്ചോ എന്നതില്‍ മുഖ്യമന്ത്രി ഇന്നലെ നടത്തിയ വൈകാരിക പ്രതികരണത്തെ പരിഹസിച്ചാണ് പ്രതിപക്ഷനേതാവ് കടന്നാക്രമിച്ചത്
ഇതിനിടെ മുഖ്യമന്ത്രി അതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ ഇ ഡി സമന്‍സ് അയച്ചെന്ന് താന്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് എം എ ബേബി വീണ്ടും ന്യായീകരിച്ചു. സമന്‍സിനെപ്പറ്റി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി വസ്തുത മനസിലാക്കാതെയാണ് പറഞ്ഞതെന്ന മുഖ്യമന്ത്രി വാക്കുകളില്‍ അമര്‍ഷം പ്രകടമായിരുന്നു. ഇതോടെ ഒരിക്കല്‍ കൂടി തന്‍റെ ഭാഗം എം എ ബേബി ന്യായീകരിക്കുകയായിരുന്നു. അതേസമയം, സമന്‍സിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് എ കെ ബാലന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്.
മുഖ്യമന്ത്രി കാര്യങ്ങള്‍ വിശദീകരിച്ചതോടെ ഇനിയും കൂടുതല്‍ പ്രതികരണത്തിനില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്