മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചകളില്‍ ഏറ്റവും പ്രധാനമായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ളത്.  കൂടിക്കാഴ്ചയില്‍ ഉന്നയിച്ച മുഖ്യവിഷയങ്ങളിലൊന്നായി മുഖ്യമന്ത്രി തന്നെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത് LWE ( Left Wing Extremism അഥവാ മാവോയിസ്റ്റുകള്‍)  ബാധിത ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട  കണ്ണൂര്‍ , വയനാട് ജില്ലകള്‍ക്ക് നല്‍കുന്ന സുരക്ഷാ അനുബന്ധ ചെലവായിരുന്നു. ഇത് ( SRE ) തുടരുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. അയല്‍സംസ്ഥാനങ്ങളിലേക്ക് പരന്നുകിടക്കുന്ന കാടുകളിലെ മാവോയിസ്റ്റ് സാന്നിധ്യം മൂലമാണ് ഫണ്ട് നിലനിര്‍ത്താന്‍ അഭ്യര്‍ഥിച്ചത് എന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത് എന്നതാണ് കൗതുകകരം.

ഇതിലേറെ ശ്രദ്ധേയമാണ് സിപിഎമ്മിന്‍റെ ഔദ്യോഗിക നയവും പാര്‍ട്ടി ഭരിക്കുന്ന ഏക സംസ്ഥാനത്തെ നിലപാടും. ഇക്കൊല്ലം തന്നെ ഛത്തിസ്ഗഡില്‍ നമ്പാല കേശവറാവു അടക്കമുള്ള മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിലിലൂടെ വധിച്ചതിനെ സിപിഎം പൊളിറ്റ്ബ്യൂറോ ശക്തമായി അപലപിച്ചിരുന്നു. ചർച്ചയ്ക്ക് തയാറാവുന്നതിന് പകരം മാവോയിസ്റ്റുകളെ കൊലപ്പെടുത്തി ഉന്മൂലനം ചെയ്യുക എന്ന മനുഷ്യത്വരഹിതമായ നയമാണ് ബിജെപി സര്‍ക്കാര്‍ പിന്തുടരുന്നത് എന്ന് സിപിഎം വിമര്‍ശിച്ചു. അന്നത്തെ പ്രസ്താവനയുടെ ബാക്കി ഇങ്ങനയാണ് ''ചർച്ചകളുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും പ്രസ്താവനയിറക്കിയിരുന്നു. മനുഷ്യജീവനെടുക്കുന്നത് ആഘോഷിക്കുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഇവരുടെ നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ നീക്കം ജനാധിപത്യ വിരുദ്ധവുമാണ്."

അതായത് മാവോയിസ്റ്റ് ഭീഷണിയെ ആയുധമുപയോഗിച്ച് നേരിടുകയല്ല,  ചര്‍ച്ചയിലൂടെ അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ് സിപിഎമ്മിന്‍റെ ദേശീയതലത്തിലെ നയം. പക്ഷേ പാര്‍ട്ടി ഭരിക്കുന്ന ഏകസംസ്ഥാനത്ത് , മുഖ്യമന്ത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ''ഡയലോഗ് വേറെ, ഫണ്ട് വേറെ'' ! 

ENGLISH SUMMARY:

Maoist policy is a complex issue involving both state and national perspectives. The Kerala government seeks central funds to combat Maoist presence while the CPM at the national level advocates for dialogue over armed conflict.