സിപിഎം സംഘടിപ്പിച്ച പെണ്‍ പ്രതിരോധ സംഗമത്തില്‍ പങ്കെടുത്ത് യുവനടി റിനി ആന്‍ ജോര്‍ജ്. മുന്‍ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുത്ത റിനി, താന്‍ വലിയ സൈബര്‍ ആക്രമണം നേരിട്ടുവെന്നും തുറന്ന് പറഞ്ഞു. 'എനിക്ക് ഒരു യുവനേതാവിൽ നിന്ന് ചില മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നു. അത് ഞാൻ തുറന്നുപറഞ്ഞു, പക്ഷേ ആ പ്രസ്ഥാനത്തെ ദുഃഖിപ്പിക്കേണ്ടെന്ന് കരുതി ആ നേതാവിന്റെ പേരു പറഞ്ഞില്ല. ആരെയും വേദനിപ്പിക്കാനോ തകർക്കാനോ ഉദ്ദേശമുണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ കടന്നുവരുന്ന യുവ നേതാക്കൻമാർ ഇങ്ങനെയാണോ ആകേണ്ടത് എന്ന ചോദ്യമാണ് ഞാൻ ഉന്നയിച്ചത്. രാഷ്ട്രീയത്തിൽ കടന്നുവരുന്ന നേതാക്കൻമാർ സ്ത്രീകളോട് എങ്ങനെ ധാർമികതയോടെ പെരുമാറണമെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നും ഉള്ള കാര്യം മാത്രമാണ് ഞാൻ പങ്കുവച്ചത്. പക്ഷേ ഭയാനകമായ സൈബർ ആക്രമണമാണ് എനിക്ക് നേരിടേണ്ടി വന്നത്'- റിനി വിശദീകരിച്ചു.
യോഗത്തില്‍ പങ്കെടുത്ത റിനിയെ സിപിഎമ്മിലേക്ക് കെ.ജെ. ഷൈന്‍ സ്വാഗതം ചെയ്തു. പ്രസ്ഥാനത്തിന്റെ ഭാഗമാകണമെന്ന് റിനിയോട് പ്രസംഗത്തിലൂടെയാണ് കെ.ജെ.ഷൈന്‍ ആവശ്യപ്പെട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ ആളാണ് റിനി.