suresh-babu-shafi

ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം പാലക്കാട് ജില്ല സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. രാഹുൽ മാങ്കൂട്ടത്തിലുമായി ഷാഫി പറമ്പിലിന് കൂട്ടുകച്ചവടമാണെന്നും നല്ലൊരാളെ കണ്ടാൽ ബംഗളൂരുവിലേക്ക് ട്രിപ്പ് അടിക്കാമെന്നാണ് ഹെഡ്മാസ്റ്റർ പറയുന്നതെന്നും സുരേഷ് ബാബു ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കും വരെ പ്രതിഷേധം തുടരാനാണ് സിപിഎമ്മിന്‍റെയും ബിജെപിയുടെയും തീരുമാനം. രാഹുല്‍ രാജിവയ്ക്കാന്‍ ഷാഫി പറയില്ലെന്നും ഇ.എന്‍.സുരേഷ്ബാബു പറഞ്ഞു. സതീശന്‍ രാഹുലിനെ പുറത്താക്കിയത് മുറത്തില്‍കയറി കൊത്തിയപ്പോളെന്നും സുരേഷ് ബാബു.

അതേസമയം സുരേഷ് ബാബുവിന്റെ പരാമര്‍ശം അധിക്ഷേപമെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഇതാണോ സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് തന്ത്രം? മറ്റൊന്നും പറയാന്‍ ഇല്ലാത്തതിനാലാണോ വ്യക്തിഹത്യയെന്നും ഷാഫി ചോദിച്ചു. എം.എ.ബേബിയും മുഖ്യമന്ത്രിയും മറുപടി പറയണം. വ്യക്തിപരമായി തകര്‍ക്കാനാണ് ശ്രമം. ആദ്യം വര്‍ഗീയവാദിയാക്കാന്‍ ശ്രമിച്ചു. ആരോപണത്തില്‍ നിയമനടപടി ആലോചിക്കും. സര്‍ക്കാര്‍ വീഴ്ച മറയ്ക്കാന്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. 

ഷാഫി പറമ്പിലിന്റെ മറുപടിക്ക് ശേഷം വീണ്ടും പ്രതികരണവുമായി ഇ.എന്‍ സുരേഷ് ബാബു രംഗത്തെത്തി. ഷാഫിയുടെ പേര് പറഞ്ഞിട്ടില്ലെന്നും തന്റെ പരാമര്‍ശം ഷാഫി നിഷേധിച്ചോയെന്നും സിപിഎം ജില്ലാസെക്രട്ടറി ചോദിച്ചു. രാഹുലിനെ വെല്ലുന്ന തരത്തിലാണ് ഹെഡ് മാഷിന്റെ പ്രവൃത്തിയെന്നും സുരേഷ് ബാബു പറഞ്ഞു. പരാമര്‍ശം ശരിവയ്ക്കുന്ന തരത്തിലാണ് ഷാഫിയുടെ പ്രതികരണം. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് ഷാഫി പറഞ്ഞു. രാഹുലിനെ ഷാഫി സംരക്ഷിക്കുന്നുവെന്നും സുരേഷ് ബാബു പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാലക്കാട് സി.പി.എം  പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് പാർട്ടി ജില്ല സെക്രട്ടറി തന്നെ ഷാഫി പറമ്പിലിനെതിരെ കടന്നാക്രമണം നടത്തുന്നത്.

ENGLISH SUMMARY:

CPM Palakkad district secretary E.N. Suresh Babu has raised serious allegations against Congress leader Shafi Parambil, claiming that he maintains a close nexus with MLA Rahul Mankoottil and even mocking him with controversial remarks. CPM and BJP have decided to continue protests until Rahul Mankoottil resigns. As the political battle in Palakkad intensifies, Shafi Parambil hit back, calling the remarks defamatory and accusing CPM of resorting to personal attacks as part of their election strategy. He also warned of possible legal action and demanded answers from senior leaders, including M.A. Baby and the Chief Minister.