രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി കുത്തി ആരോഗ്യമന്ത്രി വീണാജോര്‍ജ്.  കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ് ചെയ്യുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. ശിശുജനന, മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകായിരുന്നു ആരോഗ്യമന്ത്രി.

ആരോഗ്യവകുപ്പിനെച്ചൊല്ലി മന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ നിയമസഭയില്‍ വാഗ്വാദമുണ്ടായി. ആരോഗ്യവകുപ്പിന് കപ്പിത്താനുണ്ടോ എന്ന് പ്രതിപക്ഷം. രോഗികള്‍ പഞ്ഞി വരെ വാങ്ങി നല്‍കേണ്ട ഗതികേടാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സ്വകാര്യാശുപത്രികളെ സഹായിക്കാനുള്ള ആസൂത്രിക നീക്കമാണിത്. ജില്ലാ ആശുപത്രിയുടെ ബോര്‍ഡ് മാറ്റിയാല്‍ മെഡിക്കല്‍ കോളജാകുമോ? അങ്ങനെ എങ്ങനെ മന്ത്രിക്ക് പറയാനാകുമെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. 

ഉത്തരവാദിത്തതോടെയാണ് നിയമസഭയില്‍ മറുപടി പറയുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് തിരിച്ചടിച്ചു. ഇൗ വിഷയത്തില്‍ പ്രതിപക്ഷനേതാവ് സംവാദത്തിന് തയ്യാറുണ്ടോ എന്നും ആരോഗ്യമന്ത്രി ചോദിച്ചു. രോഗികൾ ഉപകരണം വാങ്ങേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ആവർത്തിക്കുന്ന പൊലീസ് അതിക്രമം നിയമസഭയിൽ ഉയർത്താനാണ് പ്രതിപക്ഷ നീക്കം. യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ സംഘം ചേർന്ന് മർദ്ദിച്ചത് മുതൽ കെ.എസ്.യുക്കാരെ കൈയ്യാമം വെച്ച് തലയും മുഖവും കറുത്ത തുണിയിൽ മറച്ച് കൊണ്ടുപോയത് വരെ മുൻ നിറുത്തിയാവും സർക്കാരിനെ പ്രതിപക്ഷം പ്രതിക്കൂട്ടിൽ കയറ്റുക. 

റോജി എം. ജോൺ അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകും. ഈ വിഷയത്തിൽ സഭ പ്രക്ഷുബ്ധമാകാനാണ് സാധ്യത. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ അകലം പാലിക്കാൻ കോൺഗ്രസ്. വിവാദം ഗുണം ചെയ്യില്ലെന്ന് വിലയിരുത്തിയ നേതൃത്വം, രാഹുൽ വിഷയത്തിൽ ഇനി പരസ്യ പ്രതികരണം നടത്തില്ലെന്നാണ് വിവരം. പാർട്ടി നേതൃത്വത്തിന്‍റെ വിലക്കില്ലെങ്കിലും രാഹുൽ ഇന്ന് സഭയിൽ എത്തിയില്ല. 

ENGLISH SUMMARY:

Kerala health minister Veena George indirectly criticizes Rahul Mamkootathil. The health department is protecting children, not eliminating them, as stated by Veena George.