പത്തനംതിട്ട അടൂരില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ജോയലിന്‍റെ മരണത്തിന് കാരണം അടൂരിലെ മൂന്ന് നേതാക്കള്‍ എന്ന് ആരോപണം. ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാക്കെ ഇരിക്കാനാണ് നേതാക്കള്‍ ഇടപെട്ടത് എന്നാണ് ബന്ധുക്കള്‍ പറയുന്നത്. മര്‍ദന ദിവസം രാവിലെ മുന്‍മന്ത്രി എ.സി.മൊയ്തീന്‍റെ സ്റ്റാഫംഗം വീട്ടില്‍ കയറി മര്‍ദിച്ചെന്നും പരാതിയുണ്ട്.
കെടിഡിസിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അടൂരിലെ പ്രാദേശിക വനിതാ നേതാവ് ജയസൂര്യയുടെ ഡ്രൈവറായിരുന്നു കുറച്ചുകാലം ജോയല്‍. ഒരു സിപിഎം നേതാവ് തന്നെയാണ് ഡ്രൈവറായി നിയോഗിച്ചത്. 2018 ഓഗസ്റ്റില്‍ പന്തളത്ത് വച്ച് ജയസൂര്യയെ പിടികൂടുമ്പോള്‍ ജോയലും ഒപ്പം ഉണ്ടായിരുന്നു. പിന്നീട് ജോയലിനെ വിട്ടയച്ചു. പാര്‍ട്ടിയുമായി തെറ്റിയതോടെ തട്ടിപ്പുകാരിയും നേതാക്കളുമായുള്ള അടുപ്പം പുറത്തുവരാതിരിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ ഉപദ്രവിച്ചു എന്നാണ് ആരോപണം
പൊലീസ് പിടികൂടിയ ദിവസം രാവിലെ മന്ത്രി എ.സി.മൊയ്തീന്‍റെ സ്റ്റാഫംഗം വീട്ടില്‍ കയറി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ജോയലിന് മര്‍ദനമേറ്റപ്പോഴും മരിച്ചപ്പോഴും ഒരു സിപിഎം -ഡിവൈഎഫ്ഐ നേതാവ് പോലും കുടുംബത്തെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്തില്ല. ജോയലിന്‍റെ പിതാവിന്‍റെ ഹര്‍ജിയില്‍ ഈ മാസം 29ന് ആരോപണ വിധേയരായ പൊലീസുകാര്‍ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണം.
2020 ല്‍ വാഹനമിടിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പൊലീസ് ജോയലിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിക്കുകയായിരുന്നു. 2020 ജനുവരി ഒന്നിനേറ്റ മര്‍ദനത്തിന് പിന്നാലെ കടുത്ത ശാരീരിക അവശതകള്‍ ജോയല്‍ നേരിട്ടു. മൂത്രത്തില്‍ പഴുപ്പും ചോരയുമായി. അഞ്ചുമാസത്തോളം ചികില്‍സയില്‍ കഴിഞ്ഞ ജോയല്‍ 2020 മേയ് 22ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.