എ.ഡി.ജി.പി.എം.ആര്‍.അജിത്കുമാറിന്‍റെ ട്രാക്ടര്‍ യാത്രാവിവരം ചോര്‍ത്തിയെന്ന സംശയത്തില്‍ ഡിവൈഎസ്പിയെ സ്ഥലംമാറ്റി. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി.ആയിരുന്ന ആര്‍ ജോസിനെയാണ് വിരമിക്കാന്‍ എട്ടുമാസം ശേഷിക്കെ ആലുവ റൂറലിലേക്ക് തട്ടിയത്. അജിത്കുമാറിന്‍റെ പ്രതികാര നടപടി എന്നാണ് ആരോപണം.
ശബരിമല നവഗ്രഹ ക്ഷേത്ര പ്രതിഷ്ഠയ്ക്കായി കഴിഞ്ഞ ജൂലൈ 12ന് ആണ് അജിത്കുമാര്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടറില്‍ യാത്ര ചെയ്തത്.വിവരം പുറത്തുവന്നതോടെ വിവാദം ഹൈക്കോടതി വരെ എത്തി.ഈ വിവരം ചോര്‍ത്തി പൊലീസിലെ ശത്രുപക്ഷത്തിനടക്കം കൊടുത്തു എന്ന സംശയത്തിലാണ് നടപടി. അജിത്കുമാര്‍ സംഘം സസ്പെന്‍ഷന്‍ ആസൂത്രണം ചെയ്തെങ്കിലും ജോസ് പലരേയും കണ്ട് സ്ഥലം മാറ്റത്തിലൊതുക്കി എന്നാണ് വിവരം.പണിഷ്മെന്‍റ് എന്ന മട്ടില്‍ ആലുവ റൂറല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലേക്കാണ് മാറ്റിയത്.
ഡിസിആര്‍ബിയിലെങ്കിലും എയര്‍പോര്‍ട്ടിലടക്കം പണിയെടുക്കണം. കഴിഞ്ഞ13ന് ഉത്തരവായെങ്കിലും റദ്ദാക്കാം എന്ന പ്രതീക്ഷയില്‍ ജോസ് അവധി നീട്ടില്‍ പത്തനംതിട്ടയില്‍ തുടര്‍ന്നു.കാത്തിരുന്ന് ഫലമില്ലാതായതോടെ കഴിഞ്ഞ ബുധനാഴ്ച ഇറങ്ങി. കഴിഞ്ഞ തിങ്കളാഴ്ച ജോയിന്‍ ചെയ്തു. തിരിച്ചു വരവിന് സിപിഎം നേതാക്കളെ കാണുന്നുണ്ട്. വിരമിക്കാന്‍ മാസങ്ങള്‍ കാലയളവുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്ന പതിവില്ല.മുന്‍പും ക്രമസമാധാന പാലനത്തില്‍ നിന്ന് മാറ്റി നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് ജോസ്.എക്സൈസിലേക്ക് പോയെങ്കിലും അജിത് കുമാര്‍ ശക്തനെന്ന് തെളിയിക്കുന്നതാണ് ജോസിന്‍റെ സ്ഥലംമാറ്റം.