കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദിഖിന് ഇരട്ടവോട്ടെന്ന് സിപിഎം. ഓണിവയലിലും പെരുമണ്ണയിലും വോട്ടര്‍പട്ടികയില്‍ സിദ്ദിഖിന്‍റെ പേരുണ്ടെന്ന് വോട്ടര്‍ പട്ടിക സഹിതം പുറത്തുവിട്ടാണ് സിപിഎം വയനാട് ജില്ലാ സെക്രട്ടറിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്പർ 480ലും വയനാട് ജില്ലയിൽ കൽപ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിൽ ക്രമനമ്പർ 799ലും സിദ്ദിഖിന് വോട്ടുണ്ടെന്നാണ് കെ. റഫീഖിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലുള്ളത്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമ വിരുദ്ധമായി, ജനാധിപത്യ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും കള്ളവോട്ട് ചേര്‍ക്കുന്നതും ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. 

അതേസമയം, ഇരട്ടവോട്ടെന്ന ആരോപണം തെറ്റാണെന്നും കല്‍പ്പറ്റയിലേക്ക് പുതിയതായാണ് വോട്ടുമാറ്റിയതെന്നും ടി. സിദ്ദിഖ് മനോരമന്യൂസിനോട് പറ‍ഞ്ഞു. സ്വാഭാവികമായും നിലവില്‍ കോഴിക്കെട്ട വോട്ടര്‍ പട്ടികയില്‍ നിന്നും പേര് മാറുമെന്നും ഇതിനായി രേഖാമൂലം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇലക്ടറല്‍ ഓഫിസറാണ് നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടുചോരി വിഷയം ദേശീയതലത്തില്‍ നിലനില്‍ക്കുമ്പോള്‍ ബിെജപിയെ സഹായിക്കുന്നതിനായാണ് സിപിഎം ഈ ഇരട്ടവോട്ട് ആരോപണവുമായി രംഗത്തെത്തിയതെന്നും സിദ്ദിഖ് പറഞ്ഞു. ബിജെപിയുടെ നാവായി സിപിഎം മാറിയെന്നും അദ്ദേഹം ആരോപിച്ചു. 

ENGLISH SUMMARY:

T Siddique double vote allegations surfaced recently. CPM alleged that T Siddique MLA has double votes in two different locations, while Siddique claims the process of transferring his vote is underway.