രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമര്‍ശനവുമായി കെ.മുരളീധരന്‍. ശബ്ദരേഖകള്‍ ഗൗരവതരമെന്നും ആധികാരികത പരിശോധിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. കുറ്റാരോപിതനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ല. മാതൃകാപരമായ നടപടി വൈകാതെയുണ്ടാകും. രാഷ്ട്രീയ എതിരാളികള്‍ പോലും പ്രതീക്ഷിക്കാത്ത സീനാണ്. ആര് എവിടെ മതില്‍ച്ചാടുമെന്ന് ആര്‍ക്കറിയാമെന്നും, പലര്‍ക്കും അസുഖങ്ങളുണ്ടെങ്കില്‍ എങ്ങനെ മനസിലാക്കുമെന്നും മുരളീധരന്‍ ചോദിച്ചു.
രേഖാമൂലമുള്ള പരാതി പോലും ഇല്ലാതിരുന്ന സാഹചര്യത്തിൽ തുടക്കത്തിൽ നടപടികൾ വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന ചില ശബ്ദരേഖകൾ വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ ശബ്ദരേഖകളുടെ ആധികാരികത പാർട്ടി പരിശോധിക്കും. വിഷയത്തെക്കുറിച്ച് വസ്തുനിഷ്ഠമായി പഠിച്ച് ഉചിതമായ ഒരു തീരുമാനം പാർട്ടി സ്വീകരിക്കും. ഒരിക്കലും പാർട്ടി കുറ്റാരോപിതരെ രക്ഷിക്കുന്ന സമീപനം സ്വീകരിക്കില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു.
ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പോലീസിന് അന്വേഷിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് അവസരം നൽകാനുള്ള പാർട്ടിയുടെ തീരുമാനത്തിന്റെ അപ്രതീക്ഷിത ഫലമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. പാർട്ടി ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടപടി വൈകില്ലെന്നും മുരളീധരൻ അറിയിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതം എന്ന് ഹൈക്കമാൻഡ്. രാഹുല്‍ എം.എൽ.എ സ്ഥാനത്ത് തുടരുന്നത് ചർച്ചകൾ ശക്തിപ്രാപിക്കുന്നതിനും കൂടുതൽ ആരോപണങ്ങൾ ഉയരുന്നതിനും കാരണമാകും. അത് പാർട്ടിക്ക് ദോഷമാണെന്നുമാണ് വിലയിരുത്തൽ. രാഹുൽ രാജിവെക്കണമെന്ന ആവശ്യം വി ഡി സതീശനും ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു നിമിഷം തുടരരുതെന്ന് രമേശ് ചെന്നിത്തല നേതാക്കളോട് ആവശ്യപ്പെട്ടു.
നിയമസഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിലെയും ബിജെപിയിലെയും സമാന കേസുകളിൽ നിലപാട് എടുക്കുന്നതിലും രാജി ഗുണം ചെയ്യും എന്നാണ് കണക്കുകൂട്ടൽ. ഇക്കാര്യത്തില്‍ വിശദ ചര്‍ച്ച വേണമെന്നാണ് കേരളത്തിലെ നേതാക്കളുടെ ആവശ്യം. മുഖംരക്ഷിക്കാന്‍ രാജിതന്നെ വേണമെന്നാണ് ഭൂരിപക്ഷാഭിപ്രായം.രാജി വേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് ഷാഫി പറമ്പില്‍