ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി. തര്‍ക്കം രൂക്ഷമായ ജില്ലയില്‍ മല്‍സരം ഒഴിവാക്കാനാണ് ചിറ്റയത്തെ സമവായ സെക്രട്ടറിയാക്കിയത്. നേരത്തേ നടപടിയെടുത്ത് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കി തരം താഴ്ത്തിയ എ.പി.ജയന്‍ ജില്ലാക്കമ്മിറ്റിയിലേക്ക് തിരിച്ചെത്തി.
വിഭാഗീയതില്‍ നട്ടംതിരിഞ്ഞ പത്തനംതിട്ടയിലെ സിപിഐയെ നയിക്കാനാണ് ചിറ്റയം ഗോപകുമാറിനെ സെക്രട്ടറിയാക്കിയത്. മല്‍സരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു എന്ന് വന്നതോടെ ചിറ്റയത്തിന്‍റെ പേരു വന്നു. പിന്നെ എല്ലാം എളുപ്പം കഴിഞ്ഞു. ഭാരിച്ച ചുമതലയാണെന്നും ജില്ലയില്‍ പ്രശ്നങ്ങള്‍ അതിവേഗം പരിഹരിക്കും എന്നും ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അതേസമയം, ഒരു വിഭാഗം എതിര്‍ത്തെങ്കിലും സംസ്ഥാനനേതൃത്വത്തിന്‍റെ ശക്തമായ പിന്തുണയിലാണ് മുന്‍ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ ജില്ലാക്കമ്മിറ്റിയില്‍ തിരിച്ചെത്തിയത്. വികാരാധീനനായി ആണ് തിരിച്ചു വരവിനെക്കുറിച്ച് ജയന്‍ പ്രതികരിച്ചത്. തന്‍റെ വേദന പാര്‍ട്ടി കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചിറ്റയം സെക്രട്ടറി ആയതില്‍ സന്തോഷം ഉണ്ടെന്നും ജയന്‍ പറഞ്ഞു. 2011 മുതല്‍ അടൂരിന്‍റെ എംഎല്‍എയാണ് ചിറ്റയം. കൊട്ടാരക്കരക്കാരനായിരുന്ന ചിറ്റയം ഇപ്പോള്‍ അടൂര്‍ പന്നിവിഴയിലാണ് സ്ഥിര താമസം.