നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പെരുമ്പാവൂർ സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് എമ്മിൽ ചൂടേറിയ ചർച്ച. കഴിഞ്ഞ തവണ മത്സരിച്ച ബാബു ജോസഫിനെ മാറ്റി, പുതുമുഖത്തെ ഇറക്കണം എന്നാണ് ആവശ്യം. തോൽവിയെ തുടർന്ന് സി.പി.എം നേതാക്കൾക്കെതിരായ വിമർശനം കൂടി കണക്കിലെടുക്കണമെന്നാണ് വിലയിരുത്തല്‍.
പെരുമ്പാവൂരിൽ കേരള കോൺഗ്രസ് എം സ്ഥാനാർഥിയായിരുന്ന ബാബു ജോസഫ് കഴിഞ്ഞ വട്ടം പരാജയപ്പെട്ടിരുന്നു. തുടർന്ന് കേരള കോൺഗ്രസും ബാബു ജോസഫും സി.പി.എമ്മിനെതിരെ തിരിഞ്ഞു. അന്വേഷണ കമ്മീഷൻ കണ്ടെത്തിലിന്‍റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ സി.പി.എം. നേതാക്കൾക്കെതിരെ നടപടിയും വന്നു. ഈ സാഹചര്യത്തിൽ ബാബു ജോസഫിനോട് സി പി എമ്മിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട് എന്നാണ് കേരള കോൺഗ്രസിലെ ഒരുവിഭാഗത്തിന്‍റെ അഭിപ്രായം. അതുകൊണ്ട് ബാബു ജോസഫിന് പകരം പുതിയ സ്ഥാനാർഥി എന്നാണ് ആവശ്യം. വിദ്യാർഥി, യുവജനപ്രസ്ഥാനത്തിലടക്കം മികവുകാട്ടിയ അഡ്വ: റോണി മാത്യുവിന്‍റെ പേരാണ് അവർ മുന്നോട്ടുവയ്ക്കുന്നത്. പുതിയ സ്ഥാനാർഥിയെ നിർത്തി ആഞ്ഞു പിടിച്ചാൽ പെരുമ്പാവൂരിൽ ജയം നേടാമെന്നും റോണി അനുകൂലർ കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പു പരാജയത്തിന്‍റെ പേരിൽ കേരള കോൺഗ്രസിനോട്ഇടഞ്ഞു നിൽക്കുന്ന സി.പി.എം നേതാക്കളെ ഇതിലൂടെ അനുനയിപ്പിക്കാം എന്നും പ്രതീക്ഷ വയ്ക്കുന്നു.