sadanandhan

File photo

TOPICS COVERED

ബിജെപി സംസ്ഥാന ഉപാധ്യക്ഷനും ആര്‍.എസ്.എസ് നേതാവുമായ സി.സദാനന്ദന്‍ രാജ്യസഭയിലേക്ക്. 1994ല്‍ സി.പി.എം പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഇരുകാലുകളും നഷ്ടപ്പെട്ട സദാനന്ദനെ സാമൂഹ്യസേവനം പരിഗണിച്ചാണ് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തത്.  സദാനന്ദന്‍ ധൈര്യത്തിന്‍റെ പ്രതിരൂപമാണെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. 

സിപിഎം അക്രമരാഷ്ട്രീയത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷി കൂടിയാണ് സദാനന്ദന്‍.  കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ സി.സദാനന്ദന് ബി.ജെ.പി സംസ്ഥാന ഉപാധക്ഷ്യ ഭാരവാഹിത്വം ലഭിച്ചതിനു തൊട്ടുപിന്നാലെയാണ് രാജ്യസഭ നാമനിര്‍ദേശം. രാഷ്ട്രപതിയുടെ നാമനിര്‍ദേശപ്രകാരം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.  

ആര്‍.എസ്.എസ് ജില്ലാ ഭാരവാഹിയായിരിക്കെയാണ് സിപിഎം പ്രവര്‍ത്തകര്‍ സദാനന്ദനെ ആക്രമിച്ചത്. ശേഷം കൃത്രിമകാലുകളിലാണ് ജീവിതം. അനീതിക്ക് മുന്നിൽ തലകുനിക്കാത്ത ധൈര്യത്തിന്റെ പ്രതിരൂപമാണ് സദാനന്ദനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചു.  ദേശീയ വികസനത്തിനായുള്ള ആവേശത്തെ അക്രമത്തിനും ഭീഷണിക്കും തടയാനായില്ല. അധ്യാപകൻ, പൊതു പ്രവർത്തകൻ എന്നീ നിലകളില്‍ സദാനന്ദന്‍റെ പ്രവര്‍ത്തനം പ്രശംസനീയമെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.  

സദാനന്ദനിലൂടെ കേരളത്തിലെ  അക്രമരാഷ്ട്രീയം ദേശിയ തലത്തില്‍ ചര്‍ച്ചയാക്കാനും സിപിഎമ്മിനെയുള്‍പ്പെടെ  പാര്‍ലമെന്‍റില്‍ തിരിച്ചടിക്കാനും ബിജെപി ലക്ഷ്യമിടുന്നു.  തദ്ദേശ തിരഞ്ഞെടുപ്പും 2026ല്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കെ മലയാളിക്കുള്ള രാജ്യസഭാംഗ്വതം കേരളത്തിനുള്ള പരിഗണനയായും വിശേഷപ്പിക്കാം. പ്രമുഖ അഭിഭാഷകനും മുംബൈ ഭീകരാക്രമണക്കേസ് പബ്ലിക് പ്രോസിക്യൂട്ടറുമായ ഉജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള, ചരിത്രകാരി മീനാക്ഷി ജെയ്ന്‍ എന്നിവരെയും  രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു.

കൃത്രിമക്കാലില്‍ രാഷ്ട്രീയത്തിന്‍റെ ചവിട്ടുപടികളേറി

സിപിഎം പ്രവര്‍ത്തകരുടെ വാളിനാല്‍ രണ്ടുകാലുകള്‍ നഷ്ടപ്പെട്ട നേതാവാണ് സി.സദാനന്ദന്‍. മുപ്പതു വര്‍ഷം മുമ്പ് അരിഞ്ഞെടുക്കപ്പെട്ടതിന് പകരം കൃത്രിമക്കാലില്‍ നിന്നുകൊണ്ടാണ് രാഷ്ട്രീയത്തിന്‍റെ ചവിട്ടുപടികളേറിയത്. അക്രമരാഷ്ട്രീയത്തിനെതിരെ വേണ്ടിവന്നാല്‍ രാജ്യസഭയില്‍ ശബ്ദമുയര്‍ത്തുമെന്ന് നിയുക്ത രാജ്യസഭാംഗം സി.സദാനന്ദന്‍ മനോരമ ന്യൂസിനോട് നിലപാട് വ്യക്തമാക്കി. 1994 ജനുവരി 25ലെ ആ രാത്രിയെ കുറിച്ചാണ് അധ്യാപകന്‍ കൂടിയായിരുന്ന വി സദാനന്ദന്‍ ഈ പറഞ്ഞത്. രണ്ട് കാലുകള്‍ അന്ന് സിപിഎം പ്രവര്‍ത്തകര്‍ മുറിച്ച് വേര്‍പ്പെടുത്തി. കാലുകള്‍ രണ്ടും വലിച്ചിഴച്ചു. വേദന തിന്ന് ജീവിച്ച സദാനന്ദന്‍ ഇന്ന് ഭൂതകാലത്തെ ദുസ്വപ്നം പോലെയാണ് ഓര്‍ക്കുന്നത്.

അക്രമരാഷ്ട്രീയത്തില്‍ ബിജെപിക്ക് ഉയര്‍ത്തിക്കാണിക്കാണിക്കാന്‍ മികച്ച നേതാവ് തന്നെ സദാന്ദന്‍. രാജ്യസഭയില്‍ വേണ്ടിവന്നാല്‍ താന്‍ അതിനെതിരെ എണീറ്റുനിന്ന് സംസാരിക്കുമെന്ന് നിയുക്ത എംപി വ്യക്തമാക്കി. 

എട്ട് സിപിഎം പ്രവര്‍ത്തകരെയായിരുന്നു സദാനന്ദനെ കൊല്ലാന്‍ ശ്രമിച്ചതിന് കീഴ്കോടതി ഏഴുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നത്. പിന്നീട് ഹൈക്കോടതിയും ഇത് ശരിവെച്ചു

ENGLISH SUMMARY:

President nominates BJP leader C Sadanandan to Rajya Sabha