കോഴിക്കോട് SFI അഖിലേന്ത്യാ സമ്മേളനത്തിന് ആളെക്കൂട്ടാന്‍ സ്കൂളിന് അവധി. മെഡി.കോളേജ് ക്യാംപസ് ഹൈസ്ക്കൂളാണ് രാവിലെ തന്നെ വിട്ടത്. എസ് എഫ് ഐക്കാര്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് വിട്ടതെന്നും പൊലീസിനെ വിളിച്ചാലും സഹായിക്കില്ലെന്ന ബോധ്യത്തിലാണ് അങ്ങനെ ചെയ്തതെന്നും പ്രിന്‍സിപ്പല്‍ മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ DEOയോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ റിപ്പോര്‍ട്ട് തേടി.
ഹെഡ്മാസ്റ്ററുടെ പേരില്‍ ഇടതുപക്ഷ അനുകൂല സംഘടനയിലെ ഒരു അധ്യാപിക സ്കൂള്‍ വാട്സാപില്‍ ഇന്നലെ ഇട്ട സന്ദേശമാണിത്. ഒരു സംഘടന നാളെ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും സ്കൂള്‍ വിടേണ്ടി വരുമെന്നും പത്തര കഴിഞ്ഞേ കുട്ടികളുമായി വരുന്ന വാഹനങ്ങളും പോകാവൂ എന്നുമായിരുന്നു സന്ദേശം. രാവിലെ സ്കൂള്‍ തുടങ്ങി അധികം വൈകാതെ എസ് എഫ് ഐ നേതാക്കളെത്തി നോട്ടീസും നല്‍കി. ദേശീയസമ്മേളനത്തിന്‍റെ ഭാഗമായി നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിപ്പുമുടക്കി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാനാണ് തീരുമാനമെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം അതേപടി അംഗീകരിച്ച ഹെഡ് മാസ്റ്റര്‍ സ്കൂള്‍ വിടുകയും ചെയ്തു.
നഗരത്തിലെ മറ്റൊരു സ്കൂളുകള്‍ക്കും അവധി നല്‍കിയിരുന്നില്ല. തന്‍റെ അനുമതിയില്ലാതെയാണ് അവധി നല്‍കിയതെന്നും DEO യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും DDE വ്യക്തമാക്കി. അതേസമയം കെ എസ് യു പ്രവര്‍ത്തകര്‍ ഡി ഡി ഇ ഓഫീസില്‍ പ്രതിഷേധവുമായി എത്തി. പ്രവര്‍ത്തകരെ പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതോടെ വാക്കേറ്റമുണ്ടായി. റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും ഡിഡിഇ രേഖാമൂലം ഉറപ്പ് നല്‍കിയതോടെയാണ് കെ.എസ്.യു പ്രതിഷേധം അവസാനിപ്പിച്ചത്.