പി.വി.അന്‍വറിന്‍റെ സ്വാധീനം തിരിച്ചറിയാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. അന്‍വര്‍ ഇടതുപക്ഷത്തിന്‍റെ വോട്ടുകള്‍ പിടിച്ചെന്നും അന്‍വര്‍ വഞ്ചകനെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പാര്‍ട്ടിക്ക്  കഴിഞ്ഞില്ലെന്നും വിമര്‍ശമുണ്ടായി. പാര്‍ട്ടി സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍ക്ക് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഇന്ന് മറുപടി പറയും. ​നിലമ്പൂരില്‍ എന്തുകൊണ്ട് തോറ്റുവെന്ന് കഴിഞ്ഞ് മൂന്ന് ദിവസമായി ചര്‍ച്ച ചെയ്യുകയാണ് സിപിഎം. 

സംസ്ഥാന ​സെക്രട്ടറി എം വി ഗോവിന്ദന്‍റെ ആര്‍ എസ് എസ് സൗഹൃദപരാമര്‍ശം വര്‍ഗീയ ചേരിതിരിവിന് കാരണമായെന്ന് സംസ്ഥാന സമിതയില്‍ വിമര്‍ശനം ഉയര്‍ന്നു. അതിനപ്പുറം സംഘടനപാരമായ പാര്‍ട്ടിയുടെ വീഴ്ചകള്‍ കൂടി ​ചൂണ്ടിക്കാട്ടുന്നതാണ് ചര്‍ച്ചകള്‍. അന്‍വറിന് നിലമ്പൂര്‍ മണ്ഡലത്തിലുളള സ്വാധീനം തിരിച്ചറിയാനും അതിന് തക്കവണ്ണം പ്രതിരോധം തീര്‍ക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല.  ഇടതുപക്ഷത്തിന്‍റെ വോട്ടുകള്‍ അന്‍വര്‍ പിടിച്ചു എന്നതിനൊപ്പം സ്വരാജിലേക്ക് എത്തേണ്ട വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് നേടിയെന്നും സംസ്ഥാന സമിതിയില്‍ ചര്‍ച്ച ഉയര്‍ന്നു. 

മുഖ്യമന്ത്രിയേയും മുന്നണിയേയും പഴി പറഞ്ഞ് തിരഞ്ഞെടുപ്പ് വരുത്തിവെച്ചത് അന്‍വറാണ്. ഈ ജനവഞ്ചന കൃത്യമായി പ്രചാരണങ്ങളില്‍ ബോധ്യപ്പെടുത്താനായില്ല. എം സ്വരാജിനെ പോലെയുള്ള സംസ്ഥാന നേതാവിനെ  സ്ഥാനാര്‍ഥിയാക്കിയിട്ടും വേണ്ടത്ര ജാഗ്രത പ്രാചാരണത്തിലുണ്ടായില്ലെന്ന വിമര്‍ശനങ്ങള്‍ ഏറെ ചോദ്യങ്ങള്‍ ബാക്കിവെയ്ക്കുകയാണ്. 

ENGLISH SUMMARY:

During the CPM State Committee meeting, strong criticism emerged over the party's failure to recognize and counter P.V. Anvar's influence, leading to a loss of Left votes in the Nilambur by-election. Members lamented the inability to brand Anvar as a "deceiver" to the public.