സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് സംസ്ഥാന സമിതിയില്‍ രൂക്ഷ വിമര്‍ശനം. ആര്‍.എസ്.എസുമായി ഒരു കാലത്ത് സൗഹൃദമുണ്ടായിരുന്നുവെന്ന പരാമര്‍ശമാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ പേര് പറഞ്ഞാണ് വിമര്‍ശിച്ചത്.
പ്രസ്താവന വര്‍ഗീയ ചേരിതിരിവിന് ഇടയാക്കിയെന്നും നിലമ്പൂരിലെ തോല്‍വിയില്‍ ആക്കം കൂട്ടിയെന്നും വിമര്‍ശനം ഉയര്‍ന്നു. എം.ആര്‍.അജിത്കുമാറിന് അനാവശ്യ പരിഗണന നല്‍കുന്നുവെന്നും കുറ്റപ്പെടുത്തലുണ്ടായി. തിരഞ്ഞെടുപ്പ് തോല്‍വി വസ്തുതാപരമായി പരിശോധിച്ചില്ലെങ്കില്‍ ഭാവിയില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് സെക്രട്ടറിയേറ്റ് യോഗത്തില്‍ പറഞ്ഞു. നാളെയും സംസ്ഥാന സമിതി തുടരും.
നേരത്തെ സി.പി.എം നേതൃയോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ വാക്കുകളെ മുഖ്യമന്ത്രി പിണറായി വിജയനും രൂക്ഷമായി വിമർശിച്ചിരുന്നു. "മൈക്ക് കാണുമ്പോൾ എന്തും വിളിച്ചുപറയരുത്," എന്നും "എന്തും വിളിച്ചുപറയുന്നത് അവസാനിപ്പിക്കുന്നതാണ് നല്ലത്," എന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അനിവാര്യമായ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്നാണ് എം.വി. ഗോവിന്ദൻ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞത്.
‘അടിയന്തരാവസ്ഥകഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്നു. അടിയന്തരാവസ്ഥ അർദ്ധഫാസിസത്തിന്റെ രീതിയായിരുന്നു. അപ്പോൾ മറ്റൊന്നും നോക്കേണ്ടതില്ല. യോജിക്കുന്നവരുമായിട്ടൊക്കെ യോജിച്ചു’ ഗോവിന്ദൻ വ്യക്തമാക്കി. സത്യസന്ധമായി കാര്യം പറഞ്ഞാൽ വിവാദമാകില്ലെന്നും ചാനലിന് നല്‍കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.